മുതിർന്ന കുട്ടികളുടെ മർദ്ദനം: ആദിവാസി കുട്ടികൾ അനാഥാലയത്തിൽ നിന്ന് ഒളിച്ചോടി

തൃശൂർ: തൃശൂർ ജില്ലയിലെ മേലൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ അനാഥാലയത്തിൽ നിന്ന് അന്തേവാസികളായ ആറ് ആദിവാസി കുട്ടികൾ ഭയന്നോടി. പുലർച്ചെ പ്രദേശത്ത് താമസിച്ചിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ചേഷ് ആണ് കുട്ടികൾ വഴി അരികിൽ നിൽക്കുന്നത് കണ്ടത്.അസ്വാഭാവികമായ സാഹചര്യത്തിൽ കുട്ടികളെ കണ്ട ഇദ്ദേഹം വിവരമറിയിച്ചപ്പോഴാണ് കുട്ടികൾ പുറത്ത് പോയ വിവരം സ്ഥാപനം അധികൃതർ അറിയുന്നത്. കുട്ടികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി.
മുതിർന്ന കുട്ടികളുമായി വാക്കേറ്റം ഉണ്ടായെന്നും മുതിർന്ന കുട്ടികൾ പ്ലേറ്റ് കൊണ്ട് അടിച്ചെന്നുമാണ് കുട്ടികൾ പറയുന്നത്. നാല് പേർ കുറച്ച് ദിവസം മുന്പ് മാത്രമാണ് സ്ഥാപനത്തിൽ എത്തിയതെന്നും തിരിച്ച് പോകാനുള്ള തോന്നൽ എപ്പോഴും കുട്ടികൾക്ക് ഉണ്ടെന്നുമാണ് സ്ഥാപനം അധികൃതർ വിശദീകരിക്കുന്നത്. മലക്കപ്പാറ ആനപ്പന്തം കോളനിയിലെ കുട്ടികളാണ് എല്ലാവരും.
എന്നാൽ സ്ഥാപനത്തിനകത്ത് മർദ്ദനമേറ്റ കാര്യം കുട്ടികളാരും പരാതി പറഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഉറങ്ങിക്കിടന്ന വാർഡന്‍റെ പക്കൽ നിന്ന് താക്കോലെടുത്ത് വാതിൽ തുറന്നാണ് കുട്ടികൾ പുറത്ത് പോയതെന്നും സ്ഥാപനം അധികൃതർ പറയുന്നു.