അന്തർസംസ്ഥാന ബസ് സർവ്വീസുകൾക്ക് മാനദണ്ധങ്ങൾ ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: അന്തർ സംസ്ഥാന സർവ്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രവർത്തനത്തിനു മാനദണ്ധങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് 500 മീറ്റർ ചുറ്റളവിൽ സ്വകാര്യ ബസുകളുടെ ബുക്കിംങ് ഓഫിസോ പാർക്കിംങ് കേന്ദ്രമോ പാടില്ല. ബുക്കിംങ് ഓഫിസുകളുടെ ലൈസൻസിനായി അപേക്ഷിക്കുന്നവർക്ക് ക്രിമിനൽ ചരിത്രം പാടില്ല. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റു വസ്തുക്കൾ പാഴ്‌സലായി ബസുകളിൽ കയറ്റരുതെന്നും ഗതാഗത സെക്രട്ടറി ജ്യോതിലാൽ ഐ.എ.എസ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. മോട്ടോർ വെഹിക്കിൾ ആക്ട് 1988 സെക്ഷൻ 93 അനുസരിച്ച് കോണ്‍ട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസുകൾക്ക് യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നൽകാനോ അനുവാദമില്ല. ചരക്കുകൾ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. എന്നാൽ നിയമലംഘനം വ്യാപകമാണ്. ബുക്കിംങ് ഏജന്റുമാർക്കുവേണ്ട എൽ.എ.പി.ടി ലൈസൻസ് ദുരുപയോഗം ചെയ്താണ് സ്വകാര്യ ബസുകൾ ഇതര സംസ്ഥാനങ്ങളിലേക്കു സർവ്‍വീസ് നടത്തുന്നത്. എൽ.എ.പി.ടി ലൈസൻസില്ലാതെ പോലും സർവ്‍വീസ് നടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ലൈസൻസ് മാനദണ്ധങ്ങൾ കർശനമാക്കിയത്.
കേരള പൊലീസിന്റെയും ആർ.ടി.ഒ ഓഫിസുകളുടേയും നന്പരുകളും എൽ.എ.പി.ടി ലൈസൻസിന്റെ കോപ്പിയും ഓഫിസിൽ പ്രദർശിപ്പിക്കണം. ബുക്കിംങ് ഓഫിസിന്റെ പേരും ലൈസൻസ് നന്പരും ഓഫിസിന്റെ ബോർഡിൽ ഉണ്ടാകണം. ഓപ്പറേറ്ററുടെ പേരും ബസിന്റെ സമയക്രമവും പ്രദർശിപ്പിക്കണം. യാത്രക്കാരുടെ പേരുവിവരങ്ങളടങ്ങിയ റജിസ്റ്റർ ലൈസൻസ് ഉടമ സൂക്ഷിക്കണം. അധികാരികൾ ആവശ്യപ്പെടുന്പോൾ ഇതു ഹാജരാക്കണം. ബുക്കിംങ് ഓഫിസുകൾക്ക് 150 ചതുരശ്രഅടി വലുപ്പം വേണമെന്നു സർക്കുലറിൽ നിർദ്ദേശിക്കുന്നു. 10 യാത്രക്കാർക്ക് ഇരിക്കാനുള്ള പാസഞ്ചർ ലോഞ്ച് വേണം. ശൗചാലയം, ലോക്കർ റൂം എന്നിവ നിർബന്ധം. ഓഫിസിന്റെ 6 മാസത്തെ ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ കഴിയുന്ന സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തണം. യാത്ര പുറപ്പെടുന്ന സ്ഥലത്തും അവസാനിപ്പിക്കുന്ന സ്ഥലത്തും വാഹനങ്ങൾ നിർത്താൻ മതിയായ സ്ഥലം കണ്ടെത്തണം. മറ്റു വാഹനങ്ങളുടെ ഗതാഗതത്തെ ബാധിക്കാൻ പാടില്ല.
ടിക്കറ്റിൽ വാഹനം, ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവരുടെ വിവരങ്ങളും ഹെൽപ്പ് ലൈൻ നന്പർ, പൊലീസ്, മോട്ടർ വെഹിക്കിൾ വകുപ്പ്, വനിതാ ഹെൽപ്പ് ലൈൻ തുടങ്ങിയ നന്പരുകളും ഉൾപ്പെടുത്തണം. ലൈസൻസിനായി അപേക്ഷിക്കുന്നവർക്ക് സർവ്‍വീസ് നടത്താനാവശ്യമായ സാന്പത്തിക പശ്ചാത്തലം ഉണ്ടോയെന്നു പരിശോധിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.