കെവിൻ‍ കൊലപാതകം: ഷാനുവിനെതിരെ സുഹൃത്തിന്റെ മൊഴി


 

 

കോട്ടയം: കെവിൻ‍ കൊലക്കേസിൽ കൃത്യമായ ഗൂഢാലോചന നടന്നിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യപ്രതി ഷാനുവിന്റെ പിതാവ് ചാക്കോയുടെ സുഹൃത്തും അയൽ‍വാസിയുമായ ജിജോയുടെ മൊഴി. കെവിന്‍ കൊല്ലപ്പെട്ടുവെന്ന് സംഭവം നടന്ന് മണിക്കൂറുകൾ‍ക്കുള്ളിൽ‍ ഷാനു വിളിച്ചുപറഞ്ഞുവെന്നാണ് ജിജോ കോടതിയിൽ‍ മൊഴി നൽ‍കിയത്. കെവിനൊപ്പമുള്ള ബന്ധു അനീഷിനെ വിട്ടയക്കുകയാണെന്നും ഷാനു പറഞ്ഞുവെന്ന് ജിജോ മൊഴി നൽ‍കി. നേരത്തെ ഇക്കാര്യം ജിജോ മജിസ്‌ട്രേറ്റിനു മുന്പാകെ രഹസ്യമൊഴിയായും നൽ‍കിയിരുന്നു. കേസിൽ‍ 26ാം സാക്ഷിയാണ് ജിജോ. 

കെവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും സഹോദരി നീനുവിനെ തിരിച്ചുകൊണ്ടുവരിക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ഷാനു പറഞ്ഞിരുന്നത് കെവിന്‍ തങ്ങളുടെ പിടിയിൽ‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും മരിച്ചതായി അറിയില്ലെന്നുമാണ് ഷാനുവും ചാക്കോയും പറഞ്ഞിരുന്നത്.

മെയ് 27ന് രാവിലെ തന്നെ ഷാനു തന്നെ വിളിച്ചിരുന്നുവെന്നും കെവിന്‍ കൊല്ലപ്പെട്ടുവെന്നും ഒപ്പമുണ്ടായിരുന്ന അനീഷിനെ വിട്ടയക്കുകയാണെന്നും പറഞ്ഞു. സംഭവത്തിന് രണ്ടു ദിവസം മുന്‍പ് താനാണ് ഷാനുവിന്റെ പിതാവ് ചാക്കോയെ കോട്ടയത്ത് കൊണ്ടുപോയത്. കെവിനും നീനുവുമായി തങ്ങൾ‍ സംസാരിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ‍ വച്ച് ചർ‍ച്ചകൾ‍ നടത്തിയിരുന്നുവെന്നും ജിജോ പറഞ്ഞു. ജിജോ തന്നെയാണ് കെവിന്റെ ചിത്രങ്ങൾ‍ ഷാനുവിന് അയച്ചുനൽ‍കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ജിജോയുടെ വിചാരണ ഉച്ചയ്ക്കു ശേഷവും നടക്കും.

സംസ്ഥാനത്തെ ആദ്യ ദുരുഭിമാന കൊലയായി കണക്കാക്കുന്ന കെവിൻ‍ വധക്കേസിൽ‍ കോട്ടയത്തെ പ്രിന്‍സിപ്പൽ‍ സെഷന്‍സ് കോടതിയിൽ‍ വാദം വിചാരണ തുടരുകയാണ്.

You might also like

Most Viewed