കലാഭവൻ മണിയുടെ മരണം: നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജാഫർ ഇടുക്കിയും തരികിട സാബുവും കോടതിയിൽ

കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫർ ഇടുക്കി, സാബു ഉൾപ്പടെയുള്ള ഏഴുപേർ എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ചു. നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സി.ബി.ഐ കേസേറ്റെടുത്തപ്പോൾ തന്നെ ഇവരോട് ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണോ അല്ലയോ എന്നറിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇവർക്ക് കോടതിയും നോട്ടീസയച്ചിരുന്നു. തുടർന്നാണ് ഇവർ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.
നുണപരിശോധനയ്ക്ക് എന്നല്ല എന്ത് പരിശോധനയ്ക്കും താൻ തയ്യാറാണെന്ന് ജാഫർ ഇടുക്കി പറഞ്ഞു. ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നുണപരിശോധനയ്ക്ക് തയ്യാറായിരിക്കുന്നത്. ഈ മാസമോ അല്ലെങ്കിൽ അടുത്തമാസമോ ആയിരിക്കും നുണപരിശോധന നടക്കുക എന്നും ജാഫർ ഇടുക്കി പറഞ്ഞു. സാബു, ജാഫർ ഇടുക്കി, കലാഭവൻ മണിയുടെ ഡ്രൈവർ, മാനേജർ ഉൾപ്പടെയുള്ള ഏഴുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.