വ്യാജ രേഖ: പി.കെ ഫിറോസിനെതിരെ അന്വേഷണം
തിരുവനന്തപുരം: യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെ അന്വേഷണം. തന്‍റെ കത്തിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ജയിംസ് മാത്യു എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് അന്വേഷണം. എം.എൽ.എയുടെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. ബന്ധുനിയമനത്തിനെതിരെ താൻ മന്ത്രിക്ക് എഴുതിയെന്ന പേരിൽ ഫിറോസ് വ്യാജകത്ത് പുറത്തു വിട്ടെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിംസ് മാത്യു മുഖ്യമന്ത്രിക്കു പുറമേ സ്പീക്കർക്കും പരാതി നൽകിയിരുന്നു. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രൻ ഡി.എസ്. നീലകണ്ഠന് ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നൽകിയതിനെതിരെ ജയിംസ് മാത്യു എഴുതിയതെന്ന പേരിൽ ഒരു കത്ത് ഫിറോസ് പുറത്തു വിട്ടിരുന്നു. ഇൻഫോർമേഷൻ കേരള മിഷനിൽ ധനകാര്യ വകുപ്പിന്‍റെ അനുമതിയില്ലാതെ ഡയറക്ടർ നടത്തിയ നിയമനങ്ങൾ ചൂണ്ടി കാട്ടി ഒൻപത് പേജുള്ള കത്താണ് നൽകിയതെന്ന് ജയിംസ് മാത്യു പറയുന്നു. ആ കത്തിൽ ആരുടെയും പേര് ഉണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

