ദ്രാവിഡിന്റെ പുകയിലവിരുദ്ധ പരസ്യം തിയറ്ററുകളിൽനിന്ന് പുറത്താകുന്നു

തിരുവനന്തപുരം : ‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’– ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ് തിയറ്ററുകളിലെ പുകയിലവിരുദ്ധ പരസ്യത്തിൽ വർഷങ്ങളായി ചോദിക്കുന്ന ചോദ്യം. എന്നാൽ നന്നായി ഓടിക്കൊണ്ടിരിക്കുന്ന ഈ പരസ്യം തിയറ്ററുകളിൽനിന്ന് പുറത്താകുന്നു.
‘പുകയിലയ്ക്കെതിരെ നമുക്കൊരു വൻമതിലുയർത്താം’ എന്ന പേരിലുള്ള പരസ്യചിത്രം ദ്രാവിഡിന്റെ സംഭാഷണത്തോടെയാണ് ആരംഭിച്ചിരുന്നത്. ഈ പരസ്യങ്ങൾക്കു പകരം ‘പുകയില നിങ്ങൾക്കുണ്ടാക്കുന്ന ദൂഷ്യങ്ങൾ’, ‘സുനിത’ എന്നീ പുതിയ പരസ്യങ്ങൾ ഉപയോഗിക്കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഡിസംബർ 1 മുതൽ പുതിയ പരസ്യങ്ങളാകും തിയററ്റുകളിൽ കാണിക്കുക.
‘സ്‌ലിപ്പിൽ നിൽക്കുമ്പോൾ ക്യാച്ച് മിസാവില്ലെന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്. അല്ലെങ്കിൽ എന്റെ ടീമിനു മുഴുവൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാൻ പുകയില ഉപയോഗിക്കുന്നില്ല. അതിനാൽ നിങ്ങളും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുത്’ തുടങ്ങി ദ്രാവിഡ് പരസ്യത്തിലെ ഡയലോഗുകളെല്ലാം ട്രോളൻമാരുടെയും ഇഷ്ട വിഷയങ്ങളായിരുന്നു.
2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രദർശിപ്പിക്കണമെന്നു നിയമം വന്നത്.