ജലനിരപ്പ് കുറഞ്ഞു; ഇടുക്കി അണക്കെട്ട് ഇന്നു തുറക്കില്ല

ഇടുക്കി :ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നതു തൽക്കാലം മാറ്റി. രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2387.76 അടിയായിരുന്നത് ഇപ്പോൾ 2387.72 അടിയായി താഴ്ന്നു. ഇതോടെയാണു അണക്കെട്ടു തുറക്കുന്ന നടപടികൾ തൽക്കാലത്തേക്കു മാറ്റിയത്. മഴ കൂടിയാൽ നാളെ രാവിലെ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തും. ഇന്നു വൈകിട്ട് 5.30ന് തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. അതേസമയം, ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമർദം രൂപംകൊണ്ടു. നാളെ ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ ഇന്നുതന്നെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.