സ്വന്തം വീട്ടിൽ നിന്ന് 40 പവൻ കവർന്ന് മുങ്ങിയ വിദ്യാർത്ഥിയും കൂട്ടാളികളും പിടിയിൽ

മലപ്പുറം : മൊബൈൽ ഫോൺ വിലക്കിയതിന് നിറമരതൂർ പെരുവഴിയന്പലത്തെ സ്വന്തം വീട്ടിൽ നിന്ന് 40പവൻ സ്വർണവുമായി നാടുവിട്ട പതിനാറുകാരനും ഇതിന് സഹായിച്ച മൂന്ന് സുഹൃത്തുക്കളും പിടിയിലായി. മങ്ങാട് താമസിക്കുന്ന പക്കിയ മക്കാനകത്ത് ഇർഷാദ് (19), മിനടത്തൂർ തോട്ടിയിൽ റിബിൻ(18), കാളാട് ഇരുത്തോടി മുഹമ്മദ് ഷമീം(19) എന്നിവരും പതിനാറുകാരനുമാണ് പോലീസിന്റെ പിടിയിലായത്.
മകൻ സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് മാതാവ് വിലക്കുകയും ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഫോൺ ദുരുപയോഗം ചെയ്യുന്നത് വിദേശത്തുള്ള പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതിനെത്തുടർന്ന് ക്ഷുഭിതനായ മകൻ വിവരം കൂട്ടുകാരായ ഇർഷാദ്, റിബിൻ എന്നിവരെ അറിയിക്കുകയും കവർച്ച നടത്തി നാടുവിടാൻ തീരുമാനിക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. വീട്ടുകാർ ബന്ധുവീട്ടിൽ പോയപ്പോൾ മാതാവ് അയൽ വീട്ടിലേൽപിച്ച താക്കോൽവാങ്ങി വീട് തുറന്നാണ് മോഷണംനടത്തിയത്. വീട്ടിലെ സി.സി.ടി.വി. നശിപ്പിച്ചിട്ടുമുണ്ട്.
മാതാവിന്റെ പരാതിയിൽ പോലീസ് സൈബർസെല്ലിന്റെ സഹയത്തോടെ അന്വേഷിച്ചപ്പോൾ പതിനാറുകാരൻ ഇടുക്കിയിലുള്ളതായി വിവരം ലഭിക്കുകയും താനൂർ പോലീസ് എറ്റുമാനൂർ പോലീസിൻറെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അലമാരയിലുള്ള സ്വർണം പങ്കിട്ടെടുക്കുകയും രണ്ട് മോതിരം പട്ടാന്പിയിലെ സ്വർണ്ണക്കടയിൽ വിൽക്കുകയും ചെയ്തു. പതിനാറുകാരനെ ആലപ്പുഴയിലെ പള്ളിമുക്കിൽ സെയിൽസ്മാനായി ജോലിചെയ്യുന്ന മുഹമ്മദ് ഷമീമിന്റെ അടുത്തേക്ക് തീവണ്ടി കയറ്റിവിട്ടു. ഇർഷാദുംല റിബിനും വയനാട് പോയി തിരിച്ചുവരികയും ചെയ്തു. മുഹമ്മദ് ഷമീമിന്റെ സഹായത്തോടെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ച് സ്വർണ്ണം പണയം വെച്ച് 70,000രൂപ വങ്ങിയിട്ടുണ്ട്. ചോദ്യംചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പങ്ക് വ്യക്തമായത്. ഇർഷാദ്, റിബിൻ എന്നിവരുടെ പക്കലിൽ നിന്ന് 22പവനും 30,000 രൂപയും പിടിച്ചെടുത്തു.