വീടില്ലായ്മ സന്പൂർണമായി പരിഹരിക്കും : ടി.പി രാമകൃഷ്ണൻ

ബാലുശേരി : വാസയോഗ്യമായ വീടില്ലെന്ന ആശങ്ക ഏതാനും വർഷങ്ങൾക്കകം സന്പൂർണമായി പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽപ്പെടുത്തി വീടില്ലാത്ത മുഴുവൻപേർക്കും വീട് നൽകുന്ന പദ്ധതിയിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയാവുകയാണ്. ബാലുശേരി പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള അനുമതിപത്ര വിതരണവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ശുചിമുറി, വൈദ്യുതി എന്നീ രംഗത്ത് ഇപ്പോൾതന്നെ പൂർണത കൈവരിച്ചു.
ഭവനപദ്ധതിയിൽപ്പെട്ടെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തവർക്കാണ് ആദ്യഘട്ടം സഹായം നൽകിയത്. സ്ഥലമുണ്ടായിട്ടും വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് നൽകും. സ്ഥലവും വീടുമില്ലാത്തവർക്ക് മൂന്നാംഘട്ടത്തിൽ ഫ്ലാറ്റ് നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം.
കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറിയിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എംഎൽഎ അദ്ധ്യക്ഷനായി. ബാലുശേരി പഞ്ചായത്തിൽ ഒന്നാംഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച 19 വീടുകൾക്കാണ് മന്ത്രി താക്കോൽ കൈമാറിയത്. രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ട 34 വീടുകളുടെ അനുമതിപത്രവും ചടങ്ങിൽ നൽകി. രണ്ടാംഘട്ടത്തിലുള്ള 25 പേർക്ക് ഒന്നാം ഗഡു നൽകി. ബാലുശേരി വിഇഒ രാധിക പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെശ്രീജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായപെരിങ്ങിനി മാധവൻ, ഡി.ബി സബിത, കെ.കെ പരീത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ ഷീബ, പി.എൻ അശോകൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുജിത്ത് പറന്പിൽ, പി.പി രവി, എം.കെ സെമീർ, കെ.സി ബഷീർ, സി.അശോകൻ, കൊളോറ ശ്രീധരൻ എന്നിവർ സംസാരിച്ചു.