നിരക്ക് വർദ്ധന പോര : നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. നിലവിലെ നിരക്ക് വർദ്ധന അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ട് പോകുകയാണെന്നും ബസ് ഉടമകൾ അറിയിച്ചു. നിരക്ക് വർദ്ധനയും സമരവും സംബന്ധിച്ച ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
മിനിമം ചാർജ് ഏഴ് രൂപയിൽ നിന്നും എട്ട് രൂപയായി വർദ്ധിപ്പിച്ചത് നാമമാത്രമാണെന്ന നിലപാടിലാണ് ബസുടമകൾ. മിനിമം യാത്രാനിരക്ക് 10 രൂപയാക്കണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമാക്കി ആക്കി ഉയർത്തണമെന്നും ബസ് ഉടമകൾ പറയുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കാതെ ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. സ്വകാര്യ ബസിൽ 60 ശതമാനവും വിദ്യാർത്ഥികളാണ് യാത്ര ചെയ്യുന്നത്. വിദ്യാർത്ഥികൾ കയറുന്നുവെന്ന കാരണത്താൽ ബസ് ഉടമകൾക്ക് യാതൊരു ആനുകൂല്യങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും കിട്ടുന്നില്ല. കൺസഷൻ അനുവദിക്കുന്പോൾ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാകില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
വർദ്ധിപ്പിച്ച റോഡ് ടാക്സ് കുറയ്ക്കുക, 140 കിലോമീറ്ററായി സ്വകാര്യ ബസ് സർവീസ് നിജപ്പെടുത്തുന്നത് ഒഴിവാക്കുക, ഇന്ധന വില ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണ് ചെയ്തത്. പല സർവീസുകളും നിർത്തിയ സാഹചര്യം നിലനിൽക്കുകയാണെന്നും സമരവുമായി മുന്നോട്ടുപോകാതെ മറ്റ് മാർഗമില്ലെന്നും ബസുടമകൾ പറഞ്ഞു. ജ. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നും ചർച്ചക്ക് ഇനിയും തയ്യാറാണെന്നുമാണ് ബസുടമകളുടെ നിലപാട്.
അതേസമയം, നിരക്ക് ഇനി വർദ്ധിപ്പിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങൾക്ക് താങ്ങാവുന്ന വർദ്ധന മാത്രമെ നടപ്പാക്കാനാവൂ. ബസുടമകളുടെ കൂടി ആവശ്യം കണക്കിലെടുത്താണ് നിരക്ക് വർദ്ധന തീരുമാനിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് ബസുടമകൾ മനസിലാക്കണമെന്നും ചർച്ചക്ക് ഇനിയും തയ്യാറാണെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.