ആലുവയിൽ വാഹനാപകടം : അച്ഛനും മകനുമടക്കം മൂന്ന് പേർ മരിച്ചു

ആലുവ : ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ച് തകർന്ന് അച്ഛനും മകനുമടക്കം മൂന്ന് പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂർ തളവനാട്ടത്ത് വീട്ടിൽ രാജേന്ദ്രപ്രസാദ് (60), മകൻ അരുൺ പ്രസാദ് (32), രാജേന്ദ്രപ്രസാദിന്റെ മരുമകന്റെ പിതാവ് ചന്ദ്രൻ നായർ (63) എന്നിവരാണ് മരിച്ചത്.
ഇന്ന് വെളുപ്പിനെ നാലുമണിയോടെ മുട്ടം തൈക്കാവിന് സമീപം യു ടേൺ ചെയ്യുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഇരുന്പ് ബാറിൽ ഇടിച്ചായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് മൂവരെയും കളമശേരി കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേന്ദ്രപ്രസാദ് ആശുപത്രിയിലെത്തും മുന്പേ മരിച്ചു. അരുൺ പ്രസാദ് കുറച്ച് സമയത്തിന് ശേഷവും ചന്ദ്രൻ നായർ രാവിലെ 6.30ഓടെയുമാണ് മരണത്തിന് കീഴടങ്ങിയത്.
കാറിന്റെ പിൻസീറ്റിലായിരുന്ന ചന്ദ്രൻ നായർക്ക് കാഴ്ച്ചയിൽ ശരീരത്തിൽ കാര്യമായ മുറിവുണ്ടായിരുന്നില്ല. എന്നാൽ നെഞ്ചിലും തലയിലുമേറ്റ ഇടിയാണ് മരണത്തിന് കാരണമായത്.
ചന്ദ്രൻ നായരുടെ വിദേശത്ത് ജോലിക്ക് പോകുന്ന മകനെ നെടുന്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങുകയായിരുന്നു സംഘം. രാജേന്ദ്രപ്രസാദിന്റെ മകളെയാണ് ചന്ദ്രൻനായരുടെ മകൻ വിവാഹം കഴിച്ചിരിക്കുന്നത്. കോട്ടയം മലയാള മനോരമയിൽ ലൈബ്രേറിയനാണ് രാജേന്ദ്ര പ്രസാദ്.
മകൻ അരുൺ മനോരമ ഓൺലൈനിൽ ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആലുവ ട്രാഫിക്ക് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.