എക്സൈസ് സംഘത്തെ കണ്ട് നെയ്യാറിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു


നെയ്യാറ്റിൻകര: എക്സൈസ് സംഘത്തെ കണ്ട് നെയ്യാറിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. പെരുന്പഴുതൂർ മുട്ടക്കാട് ചെന്പകപ്പുറം ലക്ഷംവീട് കോളനിയിലെ തങ്കപ്പന്റെ മകൻ ലിജു (30) ആണു നെയ്യാറിലെ വെട്ടുപാറക്കയത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കഞ്ചാവ് വലിക്കാരെ തേടി ഇറങ്ങിയ നെയ്യാറ്റിൻകര റേഞ്ചിലെ എക്സൈസ് സംഘം അരുവിപ്പുറ
ത്തിനു സമീപം എത്തിയപ്പോൾ നദിക്കരയിൽ അഞ്ചു ചെറുപ്പക്കാർ കൂടിയിരിക്കുന്നതു കണ്ടുവത്രേ. ഇവർ കഞ്ചാവുവലിക്കരാണെന്നു കരുതി ഓടി അടുത്തപ്പോൾ എന്താണു കാര്യമെന്നറിയാതെ ഭയന്നോടിയവരിൽ ഒരാളിയിരുന്നു മരിച്ച ലിജു. നീന്തൽ അറിയാത്ത ലിജു വെപ്രാളത്തിൽ നദിയിലേക്കു ചാടുകയായിരുന്നു.
എക്സൈസ് സംഘം മടങ്ങുന്പോൾ, കണ്ടു നിന്ന ഒരാൾ ചാടിയവനു നീന്തലറിയില്ലെന്നു വിളിച്ചു പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാതെ അവർ പോയി. ഇതൊന്നും അറിയാതിരുന്ന പിതാവ് തങ്കപ്പൻ പിറ്റേന്നു മകനെ കാണാനില്ലെന്നു കാണിച്ചു പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിലാണ് എക്സൈസ് സംഘം വിരട്ടി ഓടിച്ചതും തുടർന്ന് ലിജു നദിയിൽ ചാടിയെന്നുമറിയുന്നത്. തുടർന്ന്, ഫയർഫോഴ്സിനു വിവരം കൈമാറി. അവർ കഴിഞ്ഞ ദിവസം വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണു ലിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.