ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ല : പി.ടി. തോമസ് എംഎൽഎ

കാഞ്ഞങ്ങാട് : ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് എംഎൽഎ. വിദേശത്തേക്കു വലിയ തോതിൽ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പൾസർ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ഈ കത്തു വെളിച്ചം കണ്ടിട്ടില്ല. കേസിൽ ഗൂഢലോചനയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നു. പി.ടി. തോമസ് ആരോപിച്ചു.
സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതായി പി.ടി. തോമസ് പറഞ്ഞു. കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നത്. നിർണായകമായ ഒരു കേസും ബി. സന്ധ്യ അന്വേഷിച്ചു തെളിഞ്ഞിട്ടില്ല. എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ കേസിൽ സർക്കാർ അവരെ നിയോഗിച്ചതെന്നും പി.ടി. തോമസ് പറഞ്ഞു.