നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗം കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ. ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന കേസിലാണ് സുനിൽ കുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ നടിയെ ആക്രമിച്ച കേസിലായിരുന്നു ചോദ്യം ചെയ്യൽ. തെളിവെടുപ്പിനായി കോയമ്പത്തൂരിൽ കൊണ്ടുപോകുന്നതിനായിരുന്നു കസ്റ്റഡിയെങ്കിലും കേരളത്തിനു പുറത്തൊരിടത്തും സുനിയെ കൊണ്ടുപോയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ നടപടി വേണമെന്നും സുനിയുടെ അഭിഭാഷകൻ ബി.എ. ആളൂർ കോടതിയിൽ ആവശ്യപ്പെട്ടു.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് സുനിയെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതിഭാഗത്തിന്റെ ആരോപണം. സുനിയെ മനശാസ്ത്രജ്ഞന്റെ സഹായത്തോടെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനായി ഇന്നലെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. പൊലീസ് കസ്റ്റഡി അവസാനിക്കും മുൻപു നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ചു പരമാവധി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.
സുനിലിന്റെ സഹ തടവുകാരനായിരുന്ന വിഷ്ണു, സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണു കേസ് വീണ്ടും സജീവമാക്കിയത്. പിന്നീടു സുനിൽ ജയിലിൽനിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽനിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽനിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.