മുകേഷ് എം.എൽ.എയുടെ പരിപാടിയിൽ കരിങ്കൊടി ഭീതി

കൊല്ലം: എം. മുകേഷ് എം.എൽ.എ പങ്കെടുക്കുന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിക്കുമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് പെരുമൺ ദുരന്തവാർഷികത്തിന്റെ ഭാഗമായി പെരുമണിലെത്തിയ പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന എം. മുകേഷ് എം.എൽ.എയ്‌ക്കെതിരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫാറൂഖ്, നൗഫൽ, മുനീർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ പിന്നിൽ എം. മുകേഷ് എം.എൽ.എയുടെ നിർദ്ദേശമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചാലുംമൂട് പോലീസ് േസ്റ്റഷനിൽ ഉപരോധിച്ചു. ജനപ്രതിനിധി എന്ന നിലയിൽ കൊല്ലം നിയോജകമണ്ധലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ കണ്ടിലെന്ന് നടിക്കുന്ന എം.എൽ.എ ജനങ്ങളെ ഭയക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുളള വിഭ്രാന്തികൾ കാണിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്‌് ആരോപിച്ചു.
കരിങ്കൊടി കാണിക്കുന്നത് യൂത്ത് കോൺഗ്രസ് നയമല്ലെന്നും മറിച്ച് തനിക്ക് ഭീഷണിയുണ്ടെന്ന പ്രചാരണം നടത്തി ക്യാബിനറ്റ് മന്ത്രിമാരെ പോലും വെല്ലുന്ന രീതിയിലുളള പോലീസ് എക്‌സോർട്ടും സ്‌ട്രൈക്കർ ഫോഴ്‌സുമായിട്ടാണ് മുകേഷ് എം.എൽ.എ കൊല്ലത്തെ പൊതുപരിപാടികളിൽ എത്തുന്നത്. ഇത് എം.എൽ.എയുടെ ഭീരുത്വമാണെന്ന് യൂത്ത് കോൺഗ്രസ് പരിഹസിച്ചു.
ഇതിനെതിരെ യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് പ്രസിഡണ്ട് എസ്.ജെ. പ്രേംരാജ്, കൊല്ലം അസംബ്ലി പ്രസിഡണ്ട് അഡ്വ.വിഷ്‌ണു സുനിൽ പന്തളം, ഒ.ബി.രാജേഷ്, മണ്ധലം പ്രസിഡണ്ട് ഇ. റഷീദ്, തുടങ്ങി ഒട്ടെറെ പേർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.