പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ച കേസിൽ ഡേ കെയര്‍ ഉടമക്കെതിരെ സ്ഥാപനത്തിലെ ആയമാരുടെ മൊഴി

കൊച്ചി : പാലാരിവട്ടത്ത് പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡേ കെയര്‍ ഉടമ മിനിക്കെതിരെ സ്ഥാപനത്തിലെ ആയമാരുടെ മൊഴി. മിനി കുട്ടികളെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഒന്നര വയസുകാരനെ മിനി മർദിക്കുന്നതായുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ മാസം 23 നായിരുന്നു സംഭവം. പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന കളിവീട് ഡേ കെയറിലാണ് നടത്തിപ്പുക്കാരിയും ഉടമസ്ഥയുമായ മിനി കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഭക്ഷണം കഴിക്കുന്നതിലോ, ഉറങ്ങുന്നതിലോ വൈമനസ്യം കാണിച്ചാല്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വീട്ടിലെത്തിയ കുട്ടികളുടെ ശരീരത്തിലെ മുറിപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളാണ് ഡേ കെയറില്‍ നടക്കുന്ന ക്രൂര മര്‍ദ്ദനങ്ങളെക്കുറിച്ച് ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് മിനിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് റേഞ്ച് ഐജി പി വിജയന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരും വിഷയത്തെ ഗൗരവമായാണ് കണ്ടത്. സംസ്ഥാനത്തെ ഡേ കെയറുകള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡം നിശ്ചയിക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.