ആൻനദിയയ്ക്കും അശ്വതിയ്ക്കും മോചനം

തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പിനിരകളായി വിദേശത്ത് കുടുങ്ങിയ രണ്ട് മലയാളി യുവതികളെ തിരികെ നാട്ടിലെത്തിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടല്‍. പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഷാര്‍ജ്ജയില്‍ കുടുങ്ങിപ്പോയ ആൻ നദിയ , അശ്വതി എന്നിവരാണ് തിരികെയെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.
ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബാലുശ്ശേരിയിലെ അശ്വതിയും, നെയ്യാറ്റിന്‍കര സ്വദേശിനി ആൻ നദിയയും വന്നിറങ്ങിയത്. ഏഴ് മാസത്തോളമായി ശമ്പളവും, മതിയായ ഭക്ഷണവുമില്ലാതെ തടവിലാക്കപ്പെട്ടതായിരുന്നു ഇവര്‍. ഷാര്‍ജ്ജ റോളാ സ്‌ക്വയറിലെ അസ്‌മക് അല്‍ ജസീറ ചെമ്മീന്‍ എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് ഇവരെ തൊഴില്‍ ചൂഷണത്തിന് വിധേയരാക്കിയത്. ഉടമകളില്‍ രണ്ട് പേര്‍ മലയാളികളും, ഒരാള്‍ ചെന്നൈ സ്വദേശിയുമാണ്. എടിഎം കാര്‍ഡ് ഉടമകള്‍ കൈവശപ്പെടുത്തിയതിനാല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങളുടെ ദുരിതം ഇവര്‍ പുറംലോകത്തെയറിയിച്ചത്.
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിവരം ധരിപ്പിക്കുകയും ഉടന്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. വിദേശകാര്യവകുപ്പിന്റെ സജീവമായ ഇടപെടലിനൊപ്പം ഷാര്‍ജ്ജയിലെ വിവിധ മലയാളി സംഘടനകളും പ്രശ്‌നത്തില്‍ പങ്ക് ചേര്‍ന്നതോടെ മോചനം വേഗത്തിലായി. തൊഴില്‍ തട്ടിപ്പിന് വിധേയരാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.
രമേശ് ചെന്നിത്തലയുടെ എഫ് ബി പോസ്റ്റ്
കന്റോൺമെന്റ് ഹൗസിൽ ഇന്ന് ഒരു അതിഥി എന്നെ കാണാൻ എത്തി. ഷാർജയിൽ നിന്നും കേരളത്തിലേക്ക് പറന്ന് ഇറങ്ങിയ ആൻ നദിയ ആയിരുന്നു അതിഥി. ഷാർജയിൽ ഒരു റെസ്റ്റോറന്റിൽ ഏഴുമാസമായി ശമ്പളമില്ലാതെ വലഞ്ഞ രണ്ട് പെൺകുട്ടികളുടെ കാര്യം ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ, അവിടെ കുടുങ്ങിയ ആൻ നദിയയുടെ ഫേസ്ബുക് പേജിൽ നിന്നാണ് വിവരമറിഞ്ഞത്. അന്ന് തന്നെ (ഫെബ്രുവരി 24 ) ഞാൻ അവരെ വിളിച്ചു എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇവരുടെ പ്രശ്നം പരിഹരിക്കുന്നതിനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തെഴുതിയതിനൊപ്പം ഒഐസിസി പ്രസിഡന്റ മഹാദേവനെ ബന്ധപ്പെടുത്തുകയും ചെയ്തു. ഇതോടെ മുടങ്ങിയ ഏഴുമാസത്തെ ശമ്പളം റെസ്റ്റോറന്റ് ഉടമ നൽകി.
ആത്മഹത്യയുടെ മുനമ്പിൽ നിന്നും സമാധാനത്തിന്റെ താഴ്‌വരയിൽ ഇറങ്ങിയ സന്തോഷം പെൺകുട്ടിയുടെ മുഖത്തുണ്ടായിരുന്നു. കോഴിക്കോട് ഇറങ്ങിയ അശ്വനിയെ ആൻ ഫോണിൽ വിളിച്ചുനൽകി. ആ കുട്ടിയുമായും സംസാരിച്ചു.
പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാട് ചില്ലറയല്ല. ചോര നീരാക്കി പണിയെടുക്കുമ്പോൾ ശമ്പളം കിട്ടാതെ വരുന്നതും കമ്പനികൾ പൂട്ടിപോകുന്നതും തൊഴിൽ നഷ്ടമാകുന്നതും പല കുടുംബങ്ങളുടെയും മുന്നിൽ വലിയ ചോദ്യചിഹ്നമാണ്. ഈ രണ്ട് കുട്ടികളും പ്രതിസന്ധിയിൽ നിന്നും കരകയറി എത്തിയപ്പോൾ സന്തോഷവും ആശ്വാസവും തോന്നുന്നു. വനിതാ ദിനത്തിലെ സന്തോഷ വാർത്തയാണ് ഇവരുടെ വരവ്.