സംസ്ഥാനത്തെ പൗരന്മാര്‍ക്ക് ഇ-ഹെല്‍ത്ത് രജിസ്റ്റര്‍

കൊച്ചി : സംസ്ഥാനത്തെ പൗരന്മാര്‍ക്ക് ഇ-ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. എല്ലാ പൗരന്‍മാരുടെയും ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകതകള്‍ എന്നിവ ഇലക്‌ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇ-ഹെല്‍ത്ത് രജിസ്റ്റര്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത് ലാബും അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം അടക്കം ഏഴു ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ സംവിധാനം നടപ്പാക്കുക. പ്രാഥമികതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍, ചികിത്സ, മരുന്നുകള്‍ തുടങ്ങിയവ രജിസ്റ്ററിലുണ്ടാകുമെന്നതിനാല്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള മറ്റ് ആശുപത്രികളില്‍ കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭിക്കും. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു നടപ്പാക്കുന്ന ഇ റജിസ്റ്റര്‍ വ്യക്തികളുടെ സമഗ്ര ആരോഗ്യ രേഖയായിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ മറ്റ് രേഖകളൊന്നുമില്ലാതെ വിരല്‍സ്പര്‍ശത്തില്‍ ലഭ്യമാക്കാന്‍ ഇ-ഹെല്‍ത്ത് റജിസ്റ്റര്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.