തിരുവമ്പാടി സീറ്റ്: കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്ത് പുറത്ത്

കോഴിക്കോട്: തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടു കൊടുക്കാമെന്ന് ലീഗ് ഉറപ്പ് നല്‍കിയിരുന്നതായി വ്യക്തമാകുന്ന പി കെ കുഞ്ഞാലികുട്ടിയുടെ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 2011 ല്‍ നല്‍കിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.
30-3-2011 ല്‍ പി കെ കുഞ്ഞാലികുട്ടി മുഖ്യമന്ത്രിക്ക് എഴുതിയതാണ് കത്ത്. കത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാകുന്നത് തിരുവമ്പാടി സീറ്റ് അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്നതാണ്.
കത്തിന്റെ പൂര്‍ണ രൂപം :
ശ്രീ ഉമ്മന്‍ചാണ്ടി അവറുകള്‍ക്ക്,
ഈ പ്രാവിശ്യത്തെ സീറ്റ് വിഭജന ചര്‍ച്ചയില്‍ തിരുവമ്പാടി സീറ്റ് ആവശ്യപ്പെട്ടിരുന്നല്ലോ. ഇപ്പോഴത്തെ ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് അത് വിട്ടു തരാന്‍ ബുദ്ധിമുട്ട് ഉണ്ടായി. ഇതിന് എതിരെ കുടിയേറ്റ കര്‍ഷകരുടെ ഇടയില്‍ ഉണ്ടായ വികാരങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടു തരാനും അതിന് പകരം കോണ്‍ഗ്രസില്‍ നിന്ന് മറ്റ് ഒരു സീറ്റ് വാങ്ങാനും സന്നദ്ധമാണെന്നും അങ്ങയെ അറിയിക്കുന്നു.
എന്ന് പി കെ കുഞ്ഞാലികുട്ടി
അതേസമയം, കത്ത് സംബന്ധിച്ച ചോദ്യത്തിന് തിരുവമ്പാടിയില്‍ ലീഗ് തന്നെ മത്സരിക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തിരുവമ്പാടി ലീഗിന്റെ സിറ്റിംഗ് സീറ്റാണ്. താന്‍ മുഖ്യമന്ത്രിക്ക് പല കത്തും എഴുതിയിട്ടുണ്ടാകുമെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു. അവിടെ ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞുവെന്നും ഇനി അതില്‍ ചര്‍ച്ച വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കത്ത് സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിക്കോളാമെന്നും അദ്ദേഹം പറഞ്ഞു.
കത്തിനെ കുറിച്ച് താമരശ്ശേരി രൂപതയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.