ബിജിമോളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി



കൊച്ചി: ഇടുക്കി മുന്‍ എഡിഎം മോന്‍സി പി അലക്‌സാണ്ടറെ തല്ലിയ കേസില്‍ പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. എംഎല്‍എ ഒളിവിലാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് മോന്‍സി പി അലക്‌സാണ്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്‌റ്റേറ്റിന്റെ തെക്കേമലയിലെ പൊളിച്ചുമാറ്റിയ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ അവസരത്തില്‍ ഇടുക്കി എഡിഎം മോന്‍സി പി. അലക്‌സാണ്ടറെ ബിജിമോള്‍ കയ്യേറ്റം ചെയ്‌തെന്നാണു കേസ്. ബിജിമോള്‍ ബലമായി പിടിച്ചുതള്ളിയപ്പോള്‍ വീണു വലതുകാല്‍ ഒടിഞ്ഞ എഡിഎം മോന്‍സി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രകോപനമില്ലാതെയാണ് തന്നെ എംഎല്‍എ കയ്യേറ്റം ചെയ്തതായി എഡിഎം പൊലീസിന് മൊഴിനല്‍കിയിരുന്നത്.

സംഭവത്തില്‍ ബിജിമോളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ബിജിമോള്‍ക്ക് രണ്ടുവര്‍ഷവും ഏഴു മാസവും തടവു ലഭിക്കുന്ന വകുപ്പുകളാണു പൊലീസ് ചുമത്തിയിരിക്കുന്നത്.

You might also like

Most Viewed