ഭൂമിക്ക് ചരമഗീതം രചിച്ച പ്രിയ കവിക്ക് വിട: സംസ്കാരം ശാന്തി കവാടത്തില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വിക്ക് കേരളത്തിന്റെ അന്ത്യാഞ്ജ ലി. ഒ.എന്‍.വി കുറുപ്പിന്റെ ഭൗതിക ശരീരം ഒരുനോക്കു കാണാന്‍ ആയിരങ്ങളാണു വഴുതക്കാട്ടെ വസതിയായ ഇന്ദീവരത്തിലും പൊതുദര്‍ശനത്തിനു വച്ച വി.ജെ.ടി ഹാളിലും എത്തിയത്. ഒ.എന്‍.വി തന്നെ പേരിട്ട തൈക്കാട് ശാന്തി കവാടത്തില്‍ ഇന്നു രാവിലെ 10ന് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടക്കും.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എം.എല്‍.എ, പന്ന്യന്‍ രവീന്ദ്രന്‍, ഡി.ജി.പി സെന്‍കുമാര്‍, കവി വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ക്കു പുറമേ നൂറുകണക്കിനാളുകള്‍ ഒ.എന്‍.വിയുടെ വസതിയായ ഇന്ദീവരത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പത്തുമണിക്കു ശേഷമാണു മൃതദേഹം വി.ജെ.ടി ഹാളിലേക്കു കൊണ്ടുവന്നത്. 11 മണിയോടെ വി.ജെ.ടി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. വി.ജെ.ടി ഹാളിലെ പൊതുദര്‍ശനം വൈകുന്നേരം അഞ്ചുമണിവരെ നീണ്ടു.
സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രി വി.എസ് ശിവകുമാര്‍, മേയര്‍ വി.കെ പ്രശാന്ത് എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, കെ.മുരളീധരന്‍, സി.ദിവാകരന്‍, എം.വിജയകുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പെരുമ്പടവം ശ്രീധരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, വി.മധുസൂദനന്‍ നായര്‍, ലെനിന്‍ രാജേന്ദ്രന്‍, മലയാള സര്‍വകലാശാല വൈസ് ചെയര്‍മാന്‍ കെ.ജയകുമാര്‍, നടന്‍ മധുപാല്‍, നടി മഞ്ജുവാര്യര്‍ തുടങ്ങി നിരവധിപേര്‍ വി.ജെ.ടി ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഒ.എന്‍.വിയോടുള്ള ആദരസൂചകമായി ഇന്ന് 11.30നു ശേഷമാണു നിയമസഭ ചേരുക. അനുശോചനം രേഖപ്പെടുത്തി മറ്റു നടപടികളിലേക്കു കടക്കാതെ സഭ പിരിയുമെന്നു സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്കും സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഒ.എന്‍.വിയുടെ അന്ത്യം.