മാധ്യമാവിചാരണയിൽ പെടുന്ന 90 ശതമാനം പേരും നിരപരാധികൾ : ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

കൊച്ചി : മാധ്യമ വിചാരണയിൽ പെടുന്ന 90 ശതമാനം പേരും നിരപരാധികളാണെന്ന് കേരള ഗവണ്മെന്റ് പത്താം കേരള പേ റിവിഷൻ കമ്മീഷൻ 2014ന്റെ ചെയർമാനും റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. കൊച്ചി മീഡിയ അക്കാദമിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത്, മാധ്യമവിചാരണ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ ഇത്തരം വിചാരണകളും രാഷ്ട്രീയാഭിപ്രായങ്ങളും ഹൈക്കോടതിയെ പോലും സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സാമൂഹിക വിഷയങ്ങളെ റേറ്റിംഗ് കൂട്ടുന്നതിനായി മാധ്യമങ്ങൾ വഴി തിരിച്ച് വിടുകയും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്. 90 ശതമാനം വാർത്തകളും കട്ട്-കോപ്പി-പേസ്റ്റ് ആണ്. ഒരു മാധ്യമവും പെട്ടെന്ന് ഉടലെടുക്കുന്നതല്ല. മാധ്യമങ്ങളിലെ മാറ്റങ്ങളും തരംഗങ്ങളും വളരെ വലുതാണ്. മാധ്യമം എന്നത് ഇരുതല മൂർച്ചയുള്ള ആയുധാമാണെന്നും അതിനാൽ തന്നെ മാധ്യമങ്ങൾക്ക് പരിധിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ ഒരു തെറ്റ് വരുത്തിയാൽ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല.
മാധ്യമങ്ങൾ ഒരിക്കലും വിവാദം സൃഷ്ടിക്കാൻ ശ്രമിക്കരുത് അത് അനീതിയാണ്, സ്വയം നിയന്ത്രിതമായി വാർത്തകളും വസ്തുതകളും സത്യമായി മാത്രം നൽകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ സെർജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, എഴുത്തുകാരി എം ലീലാവതി, മീഡിയ അക്കാദമി സെക്രട്ടറി എ എ ഹക്കിം തുടങ്ങിയവർ പങ്കെടുത്തു.