തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വൻ സാന്പത്തിക ക്രമക്കേട് നടന്നതായി റിപ്പോര്ട്ട്


തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവും നടന്നുവെന്നും അതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും പരിശോധനാ സമിതി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ 19ന് ചേര്‍ന്ന പൊതുയോഗം കണക്കുകള്‍ പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയുടേതാണ് കണ്ടെത്തല്‍. പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട 95% വൗചചറുകളും ക്രമപ്രകാരമാക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് സമിതി കണ്ടെത്തിയത്. ഓഫീസ് സെക്രട്ടറി തന്നെ ഒട്ടേറെ വൗച്ചറുകള്‍ തയ്യാറാക്കി പണം കൈപ്പറ്റിയിട്ടുണ്ട്. ഭാരവാഹികളുടെ ഒപ്പില്ലാത്ത നൂറു കണക്കിന് വൗച്ചറുകളുണ്ടെന്നും പരിശോധനാ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിയ്ക്കാനാണ് അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ബിവി പവനന്‍, എസ് ചന്ദ്രമോഹന്‍, സി രാജ, ജീമോന്‍ ജേക്കബ്, പി ശ്രീകുമാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ബിവി പവനന്‍ ആയിരുന്നു കണ്‍ീനര്‍. ഇദ്ദേഹം പിന്നീട് രാജിവച്ചൊഴിഞ്ഞു.ഭാരവാഹികളുടെ പേര് പറഞ്ഞ് 2010-2011, 2013-2014, 2014-2015 വര്‍ഷങ്ങളിലാണ് വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് റിപ്പേര്‍ട്ടില്‍ പറയുന്നു. ഏതൊക്കെ ഭാരവാഹികള്‍ക്കാണ് ഇതില്‍ പങ്കുളളതെന്ന് വ്യക്തമായ പരാമര്‍ശിക്കുന്നതാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

കവി എ.അയ്യപ്പന്റെ മരണവുമായി ബന്ധപ്പെട്ട യാത്ര, ഭക്ഷണം, റിഫ്രഷ്‌മെന്റ് എന്നീ പേരുകളില്‍ തുക എഴുതിയതിന്റെ വൗച്ചര്‍ 2013ലെ ജെ.പി.എല്ലില്‍ 36,710 രൂപയും പിറ്റേവര്‍ഷം 47,717 രൂപയുമാണ് മദ്യപാനത്തിനു ചിലവഴിച്ചത്. മദ്യത്തിനു മാത്രമായി ആദ്യ ജെ.പി.എല്ലില്‍ 94,030 രൂപയും രണ്ടാം ജെ.പി.എല്ലില്‍ 1,26,155 രൂപയുമാണ് ചിലവിട്ടത്.’ റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്ലോ രേഖയോ ഇല്ലാതെ 2010-11 കാലത്ത് ആയിരക്കണക്കിനു രൂപ എഴുതിയെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അംഗങ്ങളുടെ മാതാപിതാക്കള്‍ മരിക്കുമ്പോള്‍ വീടുകളില്‍ പോകുന്നതിന് യാത്ര, റീത്ത് തുടങ്ങിയ ചിലവുകള്‍ക്കു പുറമേ ‘എന്റര്‍ടെയ്ന്‍മെന്റ്’ ഇനത്തില്‍ ആയിരക്കണക്കിന് രൂപ എഴുതിയെടുത്തുവെന്നത് പരിശോധനാ സമിതിക്ക് ഞെട്ടലുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജെ.പി.എല്‍ ധൂര്‍ത്തിനും അഴിമതിക്കുമുള്ള അവസരമായി മാറി. ആദ്യവര്‍ഷം ക്രിക്കറ്റ് പിച്ച് തയ്യാറാക്കിയതിനു 68,970 രൂപ ചിലവായെന്നു പറയുന്നു. രണ്ടാം വര്‍ഷം ഇതേ കാര്യത്തിന് 22,000 രൂപ. ആദ്യവര്‍ഷം ഫോട്ടോ എടുത്തത് ആല്‍ബമാക്കാന്‍ 38,000 രൂപയും രണ്ടാവര്‍ഷം ഇതിന് 10,000 രൂപയും ആയി. ജെ.പി.എല്ലിന്റെ പന്തല്‍ ഇടപാടില്‍ മാത്രം നഷ്ടം ഒന്നരലക്ഷമെന്നാണ് കണക്ക്.

റൂഫ് ടോപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേട് എന്നാണ് സമതിയുടെ കണ്ടെത്തല്‍. വന്‍ ചിലവുകള്‍ വരുന്നവയ്ക്കുപോലും ക്വട്ടേഷനുകള്‍ ഇല്ലാതെയാണു കരാറുകള്‍ നല്‍കിയത്. ഇത് ലക്ഷക്കണക്കിനു രൂപയുടെ അഴിമതിക്കു കളമൊരുക്കിയെന്നും സമിതി പറയുന്നു.ബി.വി പവനന്‍, ജീമോന്‍ ജേക്കബ്, പി. ശ്രീകുമാര്‍, സി.രാജ, എസ്. ചന്ദ്രമോഹന്‍ എന്നിവരുള്‍പ്പെട്ട പരിശോധനാ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. കണ്‍വീനറായിരുന്നു പവനന്‍ നാലു യോഗങ്ങള്‍ക്കുശേഷം പിന്മാറി. തുടര്‍ന്ന് കണ്‍വീനര്‍ ഇല്ലാതെയാണ് സമിതി അന്വേഷണം പൂര്‍ത്തിയാക്കിയത്. 2010 മുതലുള്ള പ്രസ് ക്ലബ്ബിന്റെ വരവു ചിലവ് കണക്കുകള്‍ പരിശോധിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്. ഡിസംബര്‍ 31ന് തിരുവനന്തപുരം പ്രസ് ക്ലബ് അംഗങ്ങളുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പരിശോധനാ സമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.സമകാലിക മലയാളം വാരികയിലൂടെ പി.എസ് റംഷാദാണ് പരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

You might also like

  • Straight Forward

Most Viewed