പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന്

ഇസ്‍ലാമാബാദ്: പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പാർലമെന്റും പ്രവിശ്യ നിയമസഭകളും പിരിച്ചുവിട്ട് 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിൽ വാദം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, പാകിസ്താന്‍ തഹ്‍രീകെ ഇന്‍സാഫ് പാർട്ടി (പി.ടി.ഐ), മുനീര്‍ അഹമ്മദ്, ഇബാദുര്‍റഹ്മാന്‍ എന്നിവരാണ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഈസ, ജസ്റ്റിസ് അമീനുദ്ദീൻ ഖാൻ, ജസ്റ്റിസ് അത്തർ മിനല്ലാഹ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനുവരിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തീയതി പ്രഖ്യാപിക്കാതെ നേരത്തേ കമീഷൻ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ആരിഫ് ആൽവിയുമായി ചർച്ച നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ സിക്കന്ദർ സുൽത്താൻ രാജ കോടതിയെ അറിയിച്ചു. നവംബർ ആറിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശിച്ച് സെപ്റ്റംബർ 13ന് ചീഫ് ഇലക്ഷൻ കമീഷണർ സിക്കന്ദർ സുൽത്താൻ രാജക്ക് രാഷ്ട്രപതി ആൽവി കത്തയച്ചിരുന്നു.
തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയായിരുന്നു. മണ്ഡല പുനർനിർണയം ഉൾപ്പെടെ നടപടിക്രമങ്ങൾ നടത്താനുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഇംറാൻ ഖാന്റെയും നവാസ് ശരീഫിന്റെയും പാർട്ടികൾ തമ്മിലാകും പ്രധാന മത്സരം. 2022 ഏപ്രിലിൽ ഇംറാൻ ഖാൻ സർക്കാറിനെ അവിശ്വാസത്തിലൂടെ പുറത്താക്കി നവാസ് ശരീഫിന്റെ സഹോദരൻ ശഹബാസ് ശരീഫ് പാക് പ്രധാനമന്ത്രിയായി. ആഗസ്റ്റിൽ പാർലമെന്റ് പിരിച്ചുവിട്ടശേഷം അൻവാറുൽ ഹഖ് കാകർ പ്രധാനമന്ത്രിയായ കാവൽ മന്ത്രിസഭയാണ് നിലവിൽ രാജ്യം ഭരിക്കുന്നത്. നവാസ് ശരീഫ് നാലുവർഷത്തെ പ്രവാസജീവിതത്തിനുശേഷം കഴിഞ്ഞ മാസം രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം ജയിലിൽ കഴിയവെ ചികിത്സക്കായി ലണ്ടനിൽ പോയി തിരിച്ചുവരാതെ അവിടെത്തന്നെ തുടരുകയായിരുന്നു. തിരിച്ചെത്തിയ നവാസ് ശരീഫ് രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. കോടതി വിലക്ക് നീങ്ങിക്കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. തോഷഖാന (ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച സമ്മാനം മറിച്ചുവിൽക്കൽ), ഔദ്യോഗിക രഹസ്യം പുറത്താക്കൽ കേസുകളിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഇംറാൻ ഖാനും വിലക്ക് നീക്കാൻ കോടതിയെ സമീപിക്കും.
sasaasas