സുഡാനിൽ സൗദിയുടെ രക്ഷാദൗത്യം; ഇന്ത്യാക്കാരടക്കം 157 പേരെ കപ്പൽ വഴി രക്ഷപ്പെടുത്തി

ഖാർത്തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെയടക്കം രക്ഷിച്ച് സൗദിയുടെ പ്രത്യേക രക്ഷാ ദൗത്യം. ഇന്ത്യയടക്കമുള്ള സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നുള്ള 157 പേരെയാണ് സൗദി നാവിക സേന കപ്പൽ വഴി ജിദ്ദ ചെങ്കടൽ തുറമുഖത്തെത്തിച്ചത്. നേരത്തെ വിദേശ പൗരൻമാരെ ഒഴിപ്പിക്കാൻ സുഡാൻ സൈന്യം അനുമതി നൽകിയിരുന്നു. അമേരിക്ക, ചൈന, യു.കെ. ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ പൗരൻമാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വ്യോമമാർഗം ഒഴിപ്പിക്കാനാണ് സൈന്യം അനുമതി നൽകിയത്.
തങ്ങളുടെ പൗരന്മാരെ സുഡാന് പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിന് ഇന്ത്യ തുടക്കം കുറിച്ചിരുന്നില്ല. എന്നാൽ പൗരൻമാരെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായി സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു, സഹോദര രാഷ്ട്രങ്ങളിലെ പൗരൻമാരെ ഒഴിപ്പിക്കാൻ സഹായിക്കുമെന്നും സൗദി അറേബ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത് പ്രകാരം 91 സൗദി പൗരന്മാരും സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നുള്ള 66 പേരുമാണ് തിരികെയെത്തിയത്. ഇന്ത്യ കൂടാതെ യുഎഇ, കുവൈറ്റ്, ഖത്തർ, ഈജിപ്ത്, പാകിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങി12 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെയടക്കമാണ് രക്ഷപ്പെടുത്തിയത് എന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവർക്ക് സ്വരാജ്യത്തെത്തിച്ചേരാനുള്ള നടപടികൾ ഉടനെ പൂർത്തിയാക്കും.
അതേസമയം മൂവായിരം ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങി കിടക്കുന്നതെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായംതേടി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സൗദി, യു.എ.ഇ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു ഖാർത്തൂമിലെ ഇന്ത്യൻ എംബസി പ്രശ്നബാധിത മേഖലയിൽ ആയതിനാൽ ഇവിടേക്ക് വരരുതെന്ന് ഇന്ത്യക്കാർക്ക് സുഡാനിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തിൽ സുഡാനിലെ വിമാനത്താവളങ്ങൾ നശിച്ചതിനാൽ പ്രധാനമായും കടൽമാർഗം രക്ഷാപ്രവർത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സുഡാന്റെ സമീപ രാജ്യങ്ങളുടെ സഹായം ഇന്ത്യ തേടിയതായാണ് റിപ്പോർട്ട്. അമേരിക്ക, ബ്രിട്ടൻ രാജ്യങ്ങളുടെ സഹായവും തേടിയുണ്ട്.
HHKLKLOP