ചൈനയുടെ വാവേ മൊബൈൽ കമ്പനിക്കെതിരെ നിയമനടപടി കടുപ്പിക്കാനൊരുങ്ങി ബ്രിട്ടൺ


ചൈനയുടെ വാവേ മൊബൈൽ കമ്പനിക്കെതിരെ നിയമനടപടി കടുപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് ഭരണകൂടവും. രാജ്യത്തെ മൊബൈൽ ശൃംഖലയ്‌ക്ക് മേൽ അനധികൃതമായ അധിനിവേശത്തിന് ശ്രമിക്കുന്ന വാവേയ്‌ക്കെതിരായ നിയമകുരുക്കാണ് ബ്രിട്ടൺ മുറുക്കുന്നത്. അമേരിക്കയും കാനഡയും രണ്ടുവർഷം മുന്നേ നടത്തിയ ശക്തമായ ഇടപെടലിന് പിന്നാലെയാണ് ബ്രിട്ടണും തങ്ങളുടെ മേഖലയിൽ നിന്ന് ചൈനീസ് ടെലകോം ഭീമനെ കെട്ടുകെട്ടിക്കാനൊരുങ്ങുന്നത്.

2027 ഓടെ വാവേ കമ്പനിയുമായി ഏർപ്പെട്ട എല്ലാ കരാറുകളിൽ നിന്നും പിന്മാറാനാണ് ബ്രിട്ടീഷ് കമ്പനികൾക്ക് നൽകിയ നിർദ്ദേശം. ഷെയറുകൾ എടുത്തിട്ടുള്ളവർ അത് 35 ശതമാനത്തിൽ താഴെയാക്കണമെന്ന നിർദ്ദേശവും ബ്രിട്ടീഷ് വാണിജ്യ മന്ത്രാലയവും നൽകിക്കഴിഞ്ഞു. ബ്രിട്ടീഷ് സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ നിതാന്ത ജാഗ്രതയിലാണ് 5ജി നെറ്റ് വർക്കുകളും ഫൈബർ മേഖലയും. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് വിദേശകമ്പനികളെ ഇടപെടാൻ അനുവദിക്കില്ലെന്നും പ്രതിരോധ വകുപ്പും തീരുമാനം എടുത്തിട്ടുണ്ട്.

ബ്രിട്ടണിലെ ടെലകോം സേവന ദാതാക്കൾ പൂർണ്ണമായും വാവേയെ ഒഴിവാക്കണമെന്ന നയമാണ് ബോറിസ് ജോൺസൻ ഭരണകൂടവും സ്വീകരിക്കുന്നത്. 5ജി നെറ്റവർക്കിനായി ലോകരാജ്യങ്ങളിലെ ടെലകോം−ഇന്റർനെറ്റ് മേഖലയെ ഒന്നടങ്കം കയ്യിലാക്കാനുള്ള ഗുഢ ശ്രമമാണ് ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വാവേ ശ്രമിച്ചത്. അമേരിക്കയുടെ ശക്തമായ ഏറ്റുമുട്ടലും കൊറോണയെ തുടർന്നുള്ള ആഗോള പ്രതിസന്ധിയും ലോകരാജ്യങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഒപ്പം അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ രഹസ്യങ്ങൾ ചോർന്നതും ഹാക്കർമാരെ പിടികൂടിയതും ചൈനയ്‌ക്ക് വിനയായി.

കരാറിൽ ഏർപ്പെടുന്ന രാജ്യത്തെ സാമ്പത്തിക−വാണിജ്യ നിയമങ്ങളെ കാറ്റിൽ പറത്തുന്ന സ്ഥിരം ചൈനീസ് കമ്പനികളുടെ ശൈലി തന്നെയാണ് വാവേയും പിന്തുടരാൻ ശ്രമിച്ചത്. കമ്പനികൾ ചൈനീസ് സൈന്യത്തിന്റെ നിഴൽ സേന തന്നെയാണെന്ന വാദം ശക്തമാണ്. ചൈനീസ് കമ്പനികൾക്കെതിരെ രഹസ്യാന്വേഷണ വിവരങ്ങൾ പുറത്തുവിട്ടതും പോരാട്ടം ശക്തമാക്കിയതും ട്രംപ് ഭരണകൂടമായിരുന്നു.

You might also like

  • Straight Forward

Most Viewed