ഹൈഡ്രോക്സി ക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് താൽക്കാലിക വിലക്ക്

ജനീവ: കോവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഹൈഡ്രോക്സി ക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ താൽക്കാലിക വിലക്ക്. മരുന്ന് ഉപയോഗിക്കുന്നതിലെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കോവിഡ് രോഗികളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് മരണസാധ്യത വർദ്ധിപ്പിക്കുന്നതായുള്ള ലാൻസെറ്റ് പഠനം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഡബ്ല്യുഎച്ച്ഒ ഇത്തരമൊരു മുൻകരുതൽ സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻകരുതൽ നടപടിയെന്നോണം കോവിഡ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയുള്ള പരീക്ഷണങ്ങൾ നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗബ്രിയേസിസ് അറിയിച്ചു.
മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡിനെതിരായ അത്ഭുത മരുന്നായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചതോടെ ലോകമാകെ അതേറ്റുപിടിക്കുകയായിരുന്നു. മരുന്ന് ഉൽപ്പാദനത്തിൽ മുന്നിലുള്ള ഇന്ത്യയിൽനിന്ന് നിരവധി രാജ്യങ്ങൾ ഹൈഡ്രോക്സി ക്ലോറോക്വിൻ വാങ്ങിക്കൂട്ടിയിരുന്നു. കോവിഡ് പ്രതിരോധത്തിന് താനും ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞതോടെ മരുന്നിന്റെ ആവശ്യക്കാരും ഏറിയിരുന്നു.