ഇന്ത്യൻ വ്യോമാക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ

പാക് മണ്ണിൽ കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ. ഇന്ത്യയുടെ പ്രവർത്തി പ്രകോപനമുണ്ടാക്കുന്നതാണ്. നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു അവർ. സ്വയം സംരക്ഷണത്തിന്റെ ഭാഗമായി ശക്തമായ മറുപടി നൽകാൻ പാകിസ്ഥാന് അവകാശമുണ്ടെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശകാര്യമന്ത്രിയെയും സേനാ മേധാവിയെയും കണ്ടു ചർച്ച നടത്തി. ഇന്നു പുലർച്ചെയാണ് വ്യോമസേന നിയന്ത്രണരേഖയിൽ ആക്രമണം നടത്തിയത്. ഇന്ത്യൻ ആക്രമണത്തെ നേരിടാൻ പാകിസ്ഥാൻ ആദ്യം ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. മിറാഷ് 2000നെ തകർക്കാൻ എഫ് 16 വിമാനങ്ങൾ തയാറാക്കിയെങ്കിലും ആക്രമണം ശക്തമായിരുന്നതിനാൽ പാകിസ്ഥാൻ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യൻ തിരിച്ചടി അംഗീകരിക്കാതെയാണ് പാകിസ്ഥാന്റെ ആദ്യപ്രതികരണം പുറത്തുവന്നത്. ഇന്ത്യൻ ആക്രമണത്തിൽ ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും പാക് സൈന്യത്തിന്റെ തിരിച്ചാക്രമണത്തിൽ ഇന്ത്യൻ സൈന്യം തിരികെ പോയെന്നുമായിരുന്നു പാക് സൈനിക മേധാവിയുടെ വിശദീകരണം. ചില ചിത്രങ്ങളും പാകിസ്ഥാൻ പുറത്തുവിട്ടു. എന്നാൽ, ഇന്ത്യ തകർത്തത് ജയ്ഷെ മുഹമ്മദിന്റെ താവളം തന്നെയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
അതേസമയം ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. റാവൽപ്പിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസഹ്റിനെ ബഹാവൽപ്പൂരിലെ രഹസ്യ താവളത്തിലേക്ക് മാറ്റിയെന്നാണ് സൂചന. പുലർച്ചെ ഇന്ത്യയുടെ വ്യോമാക്രമണം ഉണ്ടാകുന്നതിന് മുമ്പുതന്നെ അസ്ഹറിനെ രഹസ്യ താവളത്തിലേക്ക് മാറ്റിയിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് അസ്ഹറിനെ വിട്ടുക്കിട്ടാൻ ഇന്ത്യ നീക്കം ശക്തമാക്കിയതോടെയാണിത്.