നെഗറ്റിവ് ചിന്തകള്‍ കൗമാരക്കാരുടെ ഉറക്കം കെടുത്തുമെന്ന് പഠനം


ആവര്‍ത്തിച്ചുള്ള നെഗറ്റിവ് ചിന്തകൾ കൗമാരക്കാരുടെ ഉറക്കം കെടുത്തുമെന്നും ഇതവരില്‍ വിഷാദരോഗവും ഉത്കണ്ഠയും വളര്‍ത്താനുള്ള സാധ്യതയുണ്ടെന്നും പഠന റിപ്പോര്‍ട്ടുകള്‍. ഫ്‌ളിന്റേഴ്‌സ് സര്‍വകലാശാല 14നും 20നും ഇടയില്‍ പ്രായമുള്ള 400 കൗമാരക്കാരില്‍ നടത്തിയ ഓണ്‍ലൈന്‍ പഠനമാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ആവര്‍ത്തിച്ചുള്ള നെഗറ്റിവ് ചിന്തയും വൈകിയുള്ള ഉറക്കവും തമ്മിലുള്ള ബന്ധം പഠനം ഉറപ്പിക്കുന്നതായി ഫ്‌ളിന്റേഴ്‌സ് സര്‍വകലാശാലയിലെ ഡയറക്ടര്‍ ഓഫ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സ്ലീപ് ക്ലിനിക്ക് ഡയറക്ടര്‍ പ്രഫസര്‍ മൈക്കിള്‍ ഗ്രാഡിസര്‍ പറയുന്നു. പരിപൂര്‍ണ്ണത ആഗ്രഹിക്കുന്ന കൗമാരക്കാരില്‍ ഇതിന്റെ തോത് കൂടിയിരിക്കുമെന്നും പഠനം പറയുന്നു.

കൗമാരക്കാരില്‍ മൂന്നു മുതല്‍ 8 ശതമാനം വരെ വിഷാദരോഗം കണ്ടുവരാറുണ്ടെന്ന് രാജ്യാന്തര പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ വളര്‍ന്ന് വരുമ്പോള്‍ കൂടുതല്‍ ഗൗരവമായ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. വിഷാദരോഗം കൗമാരക്കാരില്‍ ശ്രദ്ധക്കുറവ്, സ്‌കൂള്‍ പഠനത്തില്‍ താത്പര്യമില്ലായ്മ, സമപ്രായക്കാരോടുള്ള ബന്ധത്തില്‍ ബുദ്ധിമുട്ടുകള്‍, ആത്മഹത്യ എന്നിവയ്ക്ക് കാരണമാകാറുണ്ട്.

കൗമാരക്കാരിലെ വിഷാദരോഗ ചികിത്സയില്‍ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രഫസര്‍ ഗ്രാഡിസര്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്‌കൂളുള്ളപ്പോളും വാരാന്ത്യങ്ങളിലും കൃത്യമായ ഉറക്കശീലങ്ങളും ചിട്ടയും കൗമാരക്കാര്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും രാത്രിയാകും മുന്‍പ് മൊബൈല്‍ ഫോണുകള്‍ ഓഫാക്കണമെന്നും മനഃശാസ്ത്ര വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed