പ്രാതൽ രാജാവിനെ പോലെ കഴിക്കൂ...

പ്രഭാത ഭക്ഷണം സൗകര്യപൂർവ്‍വം ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും. രാവിലത്തെ ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണല്ലോ പറയുന്നത്. രാവിലെ നന്നായി ഭക്ഷണം കഴിച്ചാൽ ആ ഊർജ്ജം ദിവസം മുഴുവൻ നിലനിൽക്കും. അതിനാൽ രാവിലെ മിതമായി കഴിക്കുന്നത് അവസാനിപ്പിക്കുക. പകരം വയറുനിറയെ ഭക്ഷണം കഴിക്കുക. ഒരു ദിവസത്തെ ഭക്ഷണത്തിൽ ഏറ്റവും പ്രധാന്യമുള്ളത് പ്രഭാത ഭക്ഷണം തന്നെയാണ്. ഒരു ദിവസം ആരംഭിക്കുന്പോൾ ആദ്യം കഴിക്കുന്ന ആഹാരമാണ് പ്രാതൽ. അത് പോഷകസന്പന്നമായിരിക്കണം. പ്രാതൽ ഒഴിവാക്കുകയും അത്താഴം ഏറെ വൈകി കഴിക്കുകയും ചെയ്യുന്നത് ഒരാൾ സ്വന്തം ആരോഗ്യത്തോടു ചെയ്യുന്ന കടുത്ത അനീതി തന്നെയാണ്. പ്രാതൽ ഒഴിവാക്കിയാൽ പല തരത്തിലുളള അസുഖങ്ങൾ വരാനുളള സാധ്യതയുണ്ട്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യപൂർണമായ ഭക്ഷണം രാവിലെ കഴിക്കുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ പറയുന്നു. പ്രഭാതത്തിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അതറിയാതെ, പലരും അവ കഴിക്കാറുമുണ്ട്. ഫാസ്റ്റ് ഫുഡിന്റെ കാലം ആയതുകൊണ്ട് തന്നെ രാവിലെയും അതിൽ ആശ്രയം കണ്ടെത്തുന്നവരുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ ഭക്ഷണക്രമം ക്യാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങൾ വരുത്തിവെക്കും. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രിസർവേറ്റിവ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക.
പ്രഭാത ഭക്ഷണം എപ്പോൾ കഴിക്കണം
രാവിലെ ഉറക്കമുണർന്നാൽ രണ്ടു് മണിക്കൂർ പിന്നിടുന്പോൾ രാവിലത്തെ മുഖ്യാഹാരം കഴിക്കുന്നതാണ് നല്ലത്. ആറുമണിക്ക് ഉണരുന്നവർ എട്ടുമണിയോടെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. രാവിലെ വ്യായാമം ചെയ്യുന്നവർ ഒരു ഗ്ലാസ് ജ്യൂസോ അല്ലെങ്കിൽ ചായയോ കഴിക്കുന്നത് പ്രഭാത ഭക്ഷണമായി കരുതരുത്. രാവിലെ തന്നെ നല്ലൊരു ബ്രേക്ക് ഫാസ്റ്റ് കഴിച്ചാൽ ഇടനേരങ്ങളിൽ കാര്യമായി ഒന്നും കഴിക്കണമെന്ന് തോന്നുകയില്ല. പകരം ഒരു പഴമോ പഴച്ചാറോ നാരങ്ങാ വെള്ളമോ സംഭാരമോ ഒക്കെ ശീലിക്കുന്നതിൽ കുഴപ്പമില്ല.
എന്ത് കഴിക്കണം
നമ്മുടെ പ്രാതൽ വിഭവങ്ങളായ ഇഡ്‌ലി, ദോശ, സാന്പാർ, അപ്പവും മുട്ടക്കറിയും, നുറുക്കു ഗോതന്പ് ഉപ്പുമാവ്, പുട്ടും കടലയും ഇവയൊക്കെ വളരെ പോഷകസമൃദ്ധമാണ്.
പുട്ട്
ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള മാംസ്യം, ഊർജ്ജം, കാൽസ്യം, വിറ്റാമിൻ സി ഇവയുടെ കാൽ ശതമാനം ഒരു പ്രാവശ്യം കഴിക്കുന്ന പുട്ടും കടലയിൽ നിന്നും ലഭിക്കും. കേരളീയ പ്രഭാത ഭക്ഷണയിനങ്ങളിലെ സൂപ്പർ സ്റ്റാർ കൂടിയാണ് പുട്ട്. പയർ, പപ്പടം, പഴം, മീൻ കറി, കോഴിയിറച്ചി, മുട്ടക്കറി തുടങ്ങിയവയും പുട്ടിനൊപ്പം ചേർക്കാവുന്നതാണ്. ഇരുന്പ്, തയാമിൻ, റൈബോഫ്‌ളേവിൻ, നിയാസിൻ തുടങ്ങിയ ഘടകങ്ങളും പുട്ടിൽ അടങ്ങിയിട്ടുണ്ട്. തികച്ചും കേരളീയമായ ഭക്ഷണമായാണ് പുട്ടിനെ കരുതുന്നത്. കണ്ണൻ ചിരട്ടയിൽ പൊടി നിറച്ച് പ്രഷർകുക്കറിന്റെ ആവിക്കുഴലിന് മേൽ വെച്ച് ചിരട്ടപ്പുട്ട് ചുട്ടെടുക്കുന്നത് പുട്ടുകുറ്റിയിൽ ചുട്ടെടുക്കുന്നതിനെക്കാൾ എളുപ്പവും രുചികരവുമായിരിക്കും.
കപ്പയും മത്തിയും
കപ്പയും മത്തിയും ഒന്നാന്തരം ആഹാരമാണ്. കപ്പയിൽ ഇല്ലാത്ത ഒമേഗാ−ബി, ഫൈബർ, പ്രോട്ടീൻ തുടങ്ങിയവ മത്തിയിലുണ്ട്. അയഡിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. കപ്പയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഗോയിറ്റർ പ്രശ്‌നം ഉള്ളവർ കപ്പ പതിവായി കഴിക്കുന്നത് നല്ലതാണ്.
ഇഡ്ലി
ഇഡ്‌ലി പോഷകസന്പന്നമാണ്. പ്രധാന ഘടകം അരിയായതിനാൽ വേണ്ടത്ര അന്നജമുള്ളതും ധാരാളം ഉഴുന്നു ചേരുന്നതിനാൽ ആവശ്യത്തിന് പ്രോട്ടീനുള്ളതുമാണ് ഇഡ്‌ലി. ഇഡ്‌ലിക്കും ദോശക്കുമൊപ്പം സാന്പാർ കൂട്ടുന്പോൾ പോഷകാംശം വീണ്ടും വർധിക്കുന്നു. ആവിയിൽ തയാറാക്കുന്ന കലോറി കുറഞ്ഞ ആഹാരമായതുകൊണ്ട് ഇഡ്‌ലിയുടെ സ്വീകാര്യത കൂടുന്നു. ഇടിയപ്പം സ്വാദിഷ്ടമാണ്. ഇടിയപ്പം ചിക്കന്‍ സ്റ്റിയൂവോ വെജിറ്റബിൾ സ്റ്റിയൂവോ ചേർത്തു കഴിച്ചാൽ പോഷക പ്രാധാന്യം വർദ്ധിക്കും.
അപ്പം
അതുപോലെ തന്നെ മറ്റൊരു പ്രധാന പ്രാതൽ വിഭവമാണ് അപ്പം. അരിമാവ് യീസ്റ്റ് ചേർത്തു പുളിപ്പിച്ച് അപ്പച്ചട്ടിയിൽ ചുട്ടെടുക്കുന്ന അപ്പം. ഇത് പുളിപ്പിച്ചുണ്ടാക്കുന്നതു കൊണ്ട് അന്നജം വിഘടിക്കുകയും അത് കൂടുതൽ ആഗിരണക്ഷമമാകുകയും ചെയ്യും. ഫെർമെന്റേഷൻ കൊണ്ട് പോഷകാംശം വർദ്‍ധിക്കുകയും ചെയ്യുന്നു. അപ്പവും മുട്ടക്കറിയും അല്ലെങ്കിൽ വെജിറ്റബിൾ കറിയും പോഷക സമൃദ്ധമാണ്. പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രാധാന്യത്തിൽ ഒട്ടും അവഗണിക്കാൻ പറ്റാത്ത ഒരു വിഭവമാണ് ഉപ്പുമാവ്. നുറുക്ക് ഗോതന്പ്, ക്യാരറ്റ്, ബീൻസ് എന്നിവ ചേർത്തുണ്ടാക്കുന്ന ഉപ്പുമാവ് കൂടുതൽ ആരോഗ്യകരമാണ്. അതുപോലെ തന്നെ ഗോതന്പ് ഉപ്പുമാവിൽ നാരിന്റെ അംശം കൂടുതലാണ്. അതുകൊണ്ട് കൂടുതൽ നേരം വയർ നിറഞ്ഞതുപോലെ തോന്നും. ഈ നാരുകൾ കൊളസേ്ട്രാൾ ആഗിരണത്തെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ ക്രമപ്പെടുത്താനും സഹായിക്കുന്നു.