കമുകറ പുരുഷോത്തമൻ സംഗീത പുരസ്കാരം എം.ജി ശ്രീകുമാറിന്

പ്രശസ്ത സംഗീതജ്ഞൻ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള 2023ലെ സംഗീത പുരസ്കാരത്തിന് പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെ തിരഞ്ഞെടുത്തു. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ചെയർമാനും, ഡോ ദീപ്തി ഓംചേരി ഭല്ല, ഡോ ആർ ശ്രീലേഖ, പ്രൊഫ. അലിയാർ എന്നിവർ അംഗങ്ങളുമായ കമ്മറ്റിയാണ് അവാർഡിനായി ശ്രീകുമാറിനെ തിരഞ്ഞെടുത്തത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് അവാർഡ്. മേയ് 20ന് 6 മണിക്ക് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരസമർപ്പണം നടത്തും. 25ആമത് പുരസ്കാര സമർപ്പണ ചടങ്ങാണ് നടക്കുന്നത്. 1983 ലെ “കൂലി’ എന്ന സിനിമയിലൂടെ ചലച്ചിത്രഗാനാലാപനരംഗത്തേയ്ക്ക് വന്ന എം ജി ശ്രീകുമാർ നാല് ദശാബ്ദത്തിലേറെക്കാലമായി സംഗീതരംഗത്തെ നിറസാന്നിദ്ധ്യമാണ്. മലയാളത്തിന് പുറമെ വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളാലപിച്ചിട്ടുണ്ട്. രണ്ടുതവണ ദേശീയ അവാർഡ്, മൂന്നു സംസ്ഥാന അവാർഡ്, ഹരിവരാസനം അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾക്കർഹനായി.
ഗായകൻ, സംഗീതസംവിധായകൻ, റിയാലിറ്റി ഷോകളിലെ വിധികർത്താവ് തുടങ്ങി നിരവധി റോളുകളിൽ സംഗീത രംഗത്ത് ഇപ്പോഴും സജീവമാണ്. ”അപഗ്രഥനാതീതങ്ങളായ നിരവധി കവി ഭാവനകളെ അത്യന്തദീപ്തവും അത്യപൂർവ്വവുമായ ഗാനാനുഭവങ്ങളാക്കി മാറ്റുന്ന ആലാപന സവിശേഷതയുളള ഗായകനാണ് ശ്രീകുമാർ” എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. അവാർഡ് സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് ‘ആവണി പൊന്നൂഞ്ഞാൽ’ എന്ന പേരിൽ എം ജി ശ്രീകുമാർ, കമുകറ പുരുഷോത്തമൻ എന്നിവർ പാടി അനശ്വരങ്ങളാക്കിയ ഗാനങ്ങൾ പ്രശസ്ത ഗായകർ അവതരിപ്പിക്കും.
ertdry