പ്രതിസന്ധി മറികടക്കാൻ ഒന്പതുമാസം വേണമെന്ന് ദീപക് പരേഖ്

മുംബൈ: കോവിഡ് വരുത്തിയ പ്രതിസന്ധിയിൽനിന്നു പുറത്തുവരാൻ ഒന്പതുമാസമെങ്കിലും എടുക്കുമെന്ന് പ്രമുഖ ബാങ്കറും എച്ച്ഡിഎഫ്സി ചെയർമാനുമായ ദീപക് പരേഖ്. ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധി 2008−ലെ ആഗോളധനകാര്യ പ്രതിസന്ധിയിൽ നിന്നു തുലോം വ്യത്യസ്തമാണ്. കൂടുതൽ ആഴത്തിലുള്ളതും ഏറെ മനുഷ്യർക്കു ദുരിതം സൃഷ്‌ടിക്കുന്നതുമാണ് ഇപ്പോഴത്തേത്. ദരിദ്രവിഭാഗങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായിരിക്കുന്നു. അവരെ ദാരിദ്ര്യത്തിന്‍റെ പിടിയിൽനിന്നു മോചിപ്പിക്കണം. ഏതു പ്രതിസന്ധിയിലും ആദ്യമേ ദുരിതത്തിലാകുന്നത് ദരിദ്രരാണ്; ഏറ്റവും അവസാനം കരകയറ്റപ്പെടുന്നതും അവരാണ്. സ്റ്റാർട്ടപ്പുകൾക്ക് സാന്പത്തികമാന്ദ്യം വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നു പരേഖ് കരുതുന്നു. പഴയതു പോലെ കോടികൾ കത്തിച്ചു കളയാൻ ഇനി അധികം പേർ തയാറാകില്ല. നല്ല ആശയമുണ്ടായാൽ മാത്രം പോരാ എന്നാകും. സ്റ്റാർട്ടപ്പുകളുടെ വിലയിടീൽ താഴോട്ടുപോരുമെന്നു പരേഖ് പറഞ്ഞു.