സാംസംഗിനെ പിന്നിലാക്കി ഷവോമി ഒന്നാം സ്ഥാനത്തെത്തി

കൊച്ചി : ദക്ഷിണ കൊറിയൻ കന്പനിയായ സാംസംഗിനെ പിന്നിലാക്കി ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ ചൈനീസ് കന്പനിയായ ഷവോമി ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തി. 2017 ഒക്ടോബർ − ഡിസംബർ പാദത്തിൽ മൊബൈൽഫോൺ വിൽപനയിൽ സാംസംഗിനേക്കാൾ ബഹുദൂരം മുന്നിലെത്താൻ ഷവോമിക്ക് കഴിഞ്ഞുവെന്ന് ഗവേഷണ സ്ഥാപനമായ സൈബർ മീഡിയ റിസർച്ചിന്റെ (സി.എം.ആർ) റിപ്പോർട്ട് വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ മഹാരാഷ്ട്രയിലെ വിൽപന അടിസ്ഥാനമാക്കിയാണ് സി.എം.ആറിന്റെ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യൻ മൊബൈൽ വിപണിയുടെ 13.7 ശതമാനം മഹാരാഷ്ട്രയുടെ പങ്കാണ്. ഒക്ടോബർ − ഡിസംബറിൽ വിറ്റഴിഞ്ഞ മൊത്തം മൊബൈൽ ഫോണുകളിൽ 31.2 ശതമാനം ഷവോമിയുടെതാണ്. സാംസംഗിന്റെ വിഹിതം 15.3 ശതമാനം മാത്രമാണ്. ചൈനീസ് സ്മാർട് ഫോൺ നിർമ്മാതാക്കളായ വിവോ 15 ശതമാനം വിഹിതവുമായി മൂന്നാംസ്ഥാനത്തും ഓപ്പോ 12 ശതമാനം പങ്കാളിത്തവുമായി നാലാം സ്ഥാനത്തുമാണ്. ലെനോവോ ഗ്രൂപ്പാണ് 12 ശതമാനത്തിനടുത്ത് വിഹിതവുമായി അഞ്ചാമതുള്ളത്. ഈ അഞ്ച് കന്പനികളും ചേർന്നാണ് വിപണിയുടെ 84 ശതമാനവും കൈയടക്കിയിരിക്കുന്നത്.