അറ്റ്ലസ് രാമചന്ദ്രന് കോവിഡ്; മൃതദേഹം പൊതുദർശനത്തിന് വയ്ക്കില്ല; സംസ്കാരം ഇന്ന് വൈകീട്ട് യുഎഇയിൽ

അന്തരിച്ച വ്യവസായ പ്രമുഖൻ അറ്റ്ലസ് രാമചന്ദ്രന്‍റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കില്ല. മരണശേഷം നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് വൈകിട്ട് തന്നെ സംസ്കാരം നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. രണ്ടു ദിവസമായി ദുബായിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം കഴിഞ്ഞ രാത്രിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. അടുത്ത ബന്ധുക്കൾ ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു.
അറ്റ്ലസ് എന്ന സ്ഥാപനത്തിലൂടെയും അതിന്‍റെ പരസ്യത്തിലെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന വാചകത്തിലൂടെയുമാണ് അദ്ദേഹം മലയാളി മനസിൽ സ്ഥാനം നേടിയത്. സിനിമാ നിർമാതാവ്, നടൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അറബിക്കഥ, മലബാർ വെഡിംഗ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്‍റെ പേരിൽ 2015ൽ ദുബായിയിൽ തടവിലായ അദ്ദേഹം 2018 ജൂണിലാണു മോചിതനായത്. വീണ്ടും ബിസിനസിൽ സജീവമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കവർന്നത്.
്ുപപ