ജനങ്ങൾക്ക് ആവശ്യമാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തയാർ; റോബർട്ട് വാദ്ര

ജനങ്ങൾക്ക് ആവശ്യമാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തയാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര. മധ്യപ്രദേശിലെ ഉജ്ജെയിനിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം രാഷ്ട്രീയത്തിൽ താത്പര്യം പ്രകടിപ്പിച്ചത്. ജനങ്ങളുടെ പ്രതിനിധിയായി താൻ വരണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാറ്റം കൊണ്ടുവരാൻ തനിക്ക് സാധിക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ താൻ വരാൻ തയാറാണ്. ജീവകാരുണ്യ പ്രവർത്തികൾ കഴിഞ്ഞ 10 വർഷമായി താൻ ചെയ്യുന്നുണ്ട്. രാഷ്ട്രീയ പ്രവേശനം ഉണ്ടായാലും ഇല്ലെങ്കിലും ഭാവിയിൽ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിലാണ് താൻ പ്രവർത്തിക്കുന്നത്. അവർ തനിക്കൊപ്പം ഉണ്ട്. സമകാലീന രാഷ്ട്രീയവും രാജ്യത്തുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കുടുംബത്തിൽ ചർച്ചയുണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ യഥാർഥ വസ്തുതകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ മാധ്യമങ്ങൾ ഭയപ്പെടുകയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും രാജ്യത്തെ പിന്നോട്ടടിക്കുമെന്നും വാദ്ര വ്യക്തമാക്കി.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച ഭാര്യയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പത്തിൽ പത്ത് മാർക്ക് എന്നാണ് അദ്ദേഹം മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാപകലില്ലാതെ പ്രിയങ്ക ജനങ്ങൾക്കൊപ്പമായിരുന്നു. പക്ഷേ, ജനവിധി അനുകൂലമായില്ലെന്നും അത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം മെഷീനുകളിലും വാദ്ര സംശയം പ്രകടിപ്പിച്ചു. ജനങ്ങൾക്കിടയിലുള്ള സംശയം ദൂരീകരിച്ചാൽ രാജ്യത്തെ തെരഞ്ഞെടുപ്പുകളുടെ ഫലം മറ്റൊന്നാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അദ്ദേഹം വിമർശനമുന്നയിച്ചു. മുന്നൊരുക്കമില്ലാതെ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നും വാദ്ര കൂട്ടിച്ചേർത്തു. രാജ്യത്ത് വർധിച്ചുവരുന്ന ഹിന്ദു−മുസ്ലിം വർഗീയത അവസാനിപ്പിക്കണമെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് മതേതരത്വം തിരിച്ചുകൊണ്ടുവരണമെന്നും വാദ്ര ആവശ്യപ്പെട്ടു.