കേന്ദ്ര റിപ്പോര്‍ട്ട് മടക്കി; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിക്കും


അദാനിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച്. അന്വേഷണത്തിനായി ജുഡീഷ്യല്‍ സമിതിക്ക് രൂപം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരും സെബിയും ആവശ്യപ്പെട്ടു. സീൽ വെച്ച കവറില്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറുകയാണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. എന്നാല്‍ സീല്‍ വെച്ച കവറില്‍ പേരുകള്‍ വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മറുപടി നല്‍കി. അന്വേഷണ സമിതിയില്‍ ആരൊക്കെ അംഗം ആകണമെന്നത് എന്തിന് രഹസ്യമായി സൂക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. വിവരങ്ങള്‍ വെളിപ്പെടുത്താനും സീല്‍വെച്ച കവറിലുള്ള രേഖകള്‍ വേണ്ടെന്നും കോടതി വ്യക്തമാക്കി. 

സര്‍ക്കാരിന്റെ നിര്‍ദ്ദേശം സോളിസിറ്റര്‍ ജനറല്‍ പരസ്യപ്പെടുത്തിയെങ്കിലും അത് അംഗീകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ അംഗീകരിച്ചാല്‍ അത് സര്‍ക്കാരിന്റെ സമിതിയായി മാറും എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ തയ്യാറാണെന്നും അതിന് അനുമതി നല്‍കണമെന്നും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു, ആ നിര്‍ദ്ദേശവും കോടതി തള്ളി. സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരനായ അഭിഭാഷകന്‍ എംഎല്‍. ശര്‍മയുടെ ആവശ്യവും കോടതി നിരസിച്ചു. സിറ്റിംഗ് ജഡ്ജിയെ അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് റിട്ട. ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം എന്ന സൂചനയാണ് നല്‍കിയത്. കേസ് ഉത്തരവിനായി മാറ്റിവെച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാക്കിയ ആഘാതം അടക്കമുള്ള വിഷയങ്ങള്‍ അന്വേഷണ പരിധിയില്‍ ഉണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

article-image

jgf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed