യു.എ.ഇയിൽ കൊറോണ ബാധിച്ച വയോധിക സുഖം പ്രാപിച്ചു

അബുദാബി: യുഎഇയിൽ കൊറോണ വൈറസ് ബാധയെ തുടർന്നു ചികിത്സയിലായിരുന്ന ചൈനീസ് വയോധിക സുഖംപ്രാപിച്ചു. കഴിഞ്ഞമാസം 23 മുതൽ ഐസൊലേഷൻ വാർഡിൽ ആയിരുന്ന ലിയു യുജിയ (73) പൂർണമായും രോഗവിമുക്തി നേടി സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് കോൺസൽ ജനറൽ ലി ഷുഹാങ്, ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അൽ റൻദ് എന്നിവർ ലിയു യുജിയയെ സന്ദർശിച്ചു. മികച്ച രീതിയിൽ പരിചരണം നൽകിയ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ഇവർ നന്ദി പറഞ്ഞു. രോഗബാധ തടയാൻ ഏറ്റവും നൂതന സംവിധാനങ്ങളാണ് യുഎഇയിൽ ഉള്ളതെന്ന് കോൺസൽ ജനറൽ പറഞ്ഞു. യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച 6 പേർ കൂടി ചികിത്സയിലുണ്ട്.