ദുബായിൽ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

ദുബായ്: ഷോപ്പിങ്ങിന്റെ വിസ്മയലോകവുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്.) തുടക്കമായി. ഇനി ദുബായിലെങ്ങും മനംനിറയ്ക്കുന്ന കാഴ്ചകളും ആഘോഷത്തിന്റെ ആരവങ്ങളാണ്. വ്യത്യസ്തമായ ഷോപ്പിംഗ്് അനുഭവം നൽകി ഓരോ വർഷവും കുതിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 25−ാം പതിപ്പാണിത്.
ദുബായ് ഷോപ്പിംഗ്് ഫെസ്റ്റിവലിന്റെ ആദ്യദിനം തന്നെ 12 മണിക്കൂർ നീണ്ട മെഗാവിൽപ്പന നടന്നു. വ്യാഴാഴ്ച ഉച്ചമുതൽ അർദ്ധരാത്രിവരെ 25 മുതൽ 90 ശതമാനം വരെ വിലക്കുറവോടെയായിരുന്നു അൽ ഫുത്തൈം മാളുകളിൽ വിൽപ്പന പൊടിപൊടിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡൗൺടൗൺ ദുബായിലെ ബുർജ് പാർക്കിൽ വർണാഭമായ പരിപാടികൾ അരങ്ങേറി. പരിപാടികൾ വെള്ളിയാഴ്ചയും തുടരും. ദ് ബീച്ച്, ലാമെർ, അൽ സീഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗവും നടന്നു. ബുർജ് പാർക്കിൽ ചെബ് ഖാലിദ്, ഷെറിൻ അബ്ദുൽ വഹാബ്, സ്വദേശി ഗായകൻ ഹുസൈൻ അൽ ജാസ്മി എന്നിവരുടെ സംഗീതപരിപാടി അരങ്ങേറും. പ്രവേശനം സൗജന്യമാണ്. റിഗ്ഗ സ്ട്രീറ്റിൽ ഇത്തവണയും നൈറ്റ് മാർക്കറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായ 4,000 ഔട്ട്ലെറ്റുകളിലൂടെ 75 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിൽ സ്വർണാഭരണങ്ങളും ആഡംബര വാഹനങ്ങളും സ്വന്തമാക്കാൻ അവസരമുണ്ട്. 2020 ഫെബ്രുവരി ഒന്നുവരെ നീളുന്ന ഷോപ്പിംഗ് ഉത്സവത്തിൽ വിവിധയിടങ്ങളിൽ ഘോഷയാത്ര, ഭക്ഷ്യമേളകൾ, സാഹസികവിനോദങ്ങൾ എന്നവിയും ഉണ്ടാകും.