രഞ്ജി ട്രോഫി; ഗുജറാത്തിനെതിരേ കേരളത്തിന് തോല്‍വി


സൂറത്ത്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനോട് 90 റൺസിന് കേരളം തോറ്റു. 268 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാമിന്നിങ്സിൽ 177 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ ഗുജറാത്തിന് വിലപ്പെട്ട ആറു പോയിന്റ് ലഭിച്ചു.

82 പന്തിൽ 78 റൺസ് നേടിയ സഞ്ജു വി സാംസൺ മാത്രമാണ് കേരളത്തിനായി ചെറുത്തുനിന്നത്. മറ്റു ബാറ്റ്സ്മാൻമാരെല്ലാം വൻ പരാജയമായി. അഞ്ചു പേർ രണ്ടക്കം കാണാതെ പുറത്തായി. ഗുജറാത്തിനായി അക്സർ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റുമായി ഗജയും രണ്ട് വിക്കറ്റോടെ കലേരിയയും അക്സറിന് പിന്തുണ നൽകി. സ്കോർ:ഗുജറാത്ത്−127&210, കേരള−70&177. വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്കോർ 36−ൽ എത്തിയപ്പോൾ വിഷ്ണു വിനോദിനെ (23) നഷ്ടമായി. ജലജ് സക്സേന 29 റൺസെടുത്ത് പുറത്തായി. മോനിഷ് (7), റോബിൻ ഉത്തപ്പ (7), സച്ചിൻ ബേബി (11) എന്നിവർ നിരാശപ്പെടുത്തി. 

ആദ്യ ഇന്നിങ്സിൽ ഗുജറാത്തിനെ 127 റൺസിന് പുറത്താക്കിയ കേരളം വെറും 70 റൺസിന് കൂടാരം കയറിയിരുന്നു. രണ്ടാം ഇന്നിങ്സിൽ മൻപ്രീത് ജുനേജ (53), ഗജ (50∗) എന്നിവരുടെ അർധ സെഞ്ചുറി മികവിൽ 210 റൺസെടുത്ത ഗുജറാത്ത് കേരളത്തിന് മുന്നിൽവെച്ചത് 268 റൺസ് വിജയലക്ഷ്യം. ഒരു ഘട്ടത്തിൽ ഒമ്പതിന് 160 എന്ന നിലയിൽ തകർന്ന ഗുജറാത്തിനെ ഗജയും സിദ്ധാർഥ് ദേശായിയും ചേർന്നാണ് 200 കടത്തിയത്. ഈ സീസണിൽ ആദ്യത്തെ രണ്ട് ഹോം മത്സരങ്ങളിലും കേരളത്തിന് ജയിക്കാനായില്ല. ഡൽഹിക്കെതിരേ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയെങ്കിലും സമനിലയായി. ബംഗാളിനോട് തോറ്റു. 

 

You might also like

Most Viewed