മണിപ്പൂരിൽ സംഘർഷം തുടരുന്നു: മൂന്ന് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. വെള്ളിയാഴ്ച അർധരാത്രി ബിഷ്ണുപുരിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മെയ്തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടവർ. ഇതോടെ കുക്കികളുടെ വീടുകൾക്ക് മെയ്തെയ്ക്കാർ തീയിട്ടു. ബഫർ സോൺ കടന്ന് മെയ്തെയ് വിഭാഗക്കാരുടെ പ്രദേശത്തേക്ക് എത്തിയാണ് അക്രമികൾ വെടിയുതിർത്തത്. കേന്ദ്ര സേനയാണ് ബഫർ സോണിൽ കാവൽനിൽക്കുന്നത്. സംഭവത്തെ തുടർന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് പ്രദേശങ്ങളിൽ കർഫ്യൂ വീണ്ടും പ്രഖ്യാപിച്ചു. പോലീസിന്‍റെ ആയുധപ്പുരയിൽനിന്നു മെയ്തെയ് വിഭാഗം കഴിഞ്ഞ ദിവസം വൻ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കവർന്നിരുന്നു.
ബിഷ്ണുപുർ ജില്ലയിലെ നരൻസെയ്നയിലെ സെക്കൻഡ് ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) ആസ്ഥാനത്തുനിന്നാണ് ആയുധങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഒരു എകെ സീരീസ് അസോൾട്ട് റൈഫിൾ, മൂന്ന് ഘടക് റൈഫിളുകൾ, 195 സെൽഫ് ലോഡിംഗ് റൈഫിളുകൾ, അഞ്ച് എംപി−5 തോക്കുകൾ, 16 ഒന്പത് എംഎം പിസ്റ്റൾ, 25 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, 24 ഹാൻഡ് ഗ്രനേഡുകൾ, 21 കാർബൈനുകൾ, 19,000 വെടിയുണ്ടകൾ എന്നിവയാണ് മെയ്തെയ് വിഭാഗക്കാർ കവർന്നത്.
ഇംഫാലിലെ ആയുധപ്പുരയിൽനിന്നും ആയുധങ്ങൾ മോഷ്ടിക്കാൻ മെയ്തെയ് വിഭാഗം ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നലെ മണിപ്പൂരിൽ അക്രമികളുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ വെസ്റ്റ്−കാംഗ്പോക്പി അതിർത്തിയിലാണു മണിപ്പുർ റൈഫിൾസ് അംഗം ടി. ഋഷി(48) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ തലയ്ക്കാണു വെടിയേറ്റത്. ആക്രമണത്തിനു പിന്നിൽ കുക്കി വിഭാഗമാണെന്നാണ് സംശയിക്കുന്നത്.
ുരു