ഗുജറാത്ത് കലാപം: 10 കേസിലെ തുടർ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു

2002ലെ ഗുജറാത്ത് കലാപത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കം നൽകിയ 10 കേസുകളിലുള്ള തുടർ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. നരേന്ദ്രമോദി അടക്കമുള്ള ഗുജറാത്ത് സർക്കാരിലെ ഉന്നതരെ കുറ്റവിമുക്തരാക്കിയുള്ള വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഭാവിയിൽ ഒരു അന്വേഷണത്തിനും പഴുതില്ലാതാക്കിയ തരത്തിലുള്ള നീക്കം. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് വളരെ തിടുക്കത്തിലായിരുന്നു ജസ്റ്റിസ് യുയു ലളിതിന്റെ നടപടികളെന്ന് വിമർശനമുയർന്നിരുന്നു. അധികാരമേറ്റ് രണ്ടാം ദിവസമാണ് അദ്ദേഹം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇനി ഒരു അന്വേഷണമുണ്ടാവില്ലെന്ന് വ്യക്തമാക്കിയത്.
ബിജെപി 2002ലെ വംശ്യഹത്യയ്ക്കു പിന്നാലെ തന്നെ അന്വേഷണമാശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് പരിഗണിക്കപ്പെടാതെ കിടന്ന ആവശ്യമാണ് കോടതി തള്ളിയത്. ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ അന്വേഷണം തന്നെ ഗുജറാത്ത് കലാപ കേസുകളിൽ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ രവീന്ദ്രഭട്ട്, ജെബി പർദീവാല എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിന്റെ വിധി. കലാപവുമായി ബന്ധപ്പെട്ട് കേസുകളിൽ നടന്ന അന്വേഷണത്തിലെ കുറ്റകരമായ അനാസ്ഥകളും വീഴ്ചകളും ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമീഷൻ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് അവസാനിപ്പിച്ചതിൽ പ്രധാനപ്പെട്ടത്.
മറ്റൊന്ന്, മോദി അടക്കമുള്ളവർക്ക് കലാപത്തിലുള്ള പങ്ക് പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് വംശ്യഹത്യ ഇരകൾക്കായി ടീസ്ത സെതൽവാദിന്റെ സർക്കാരിതര സംഘടനയായ ∍സിറ്റിസണ്‍സ് ഫോർ ജസ്റ്റിസ് ആന്‍ഡ് പീസ്∍ (സിപെജി) സമർപ്പിച്ച ഹർജിയാണ്. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ അന്ന് ഗുജറാത്ത് പൊലീസ് നടത്തിയിരുന്ന അന്വേഷണം സിബിഐക്ക് വിടാനായിരുന്നു 2003ൽ സമർപ്പിച്ച ഹർജിയിൽ ടീസ്ത ആവശ്യപ്പെട്ടിരുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിനു വേണ്ടി ഹാജരായ മുന്‍ അറ്റോണി ജനറൽ മുകുൾ റോത്ഗി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തങ്ങൾ അന്വേഷിച്ച ഒമ്പതു കേസുകളിൽ നരോദ പാട്യ കൂട്ടക്കൊല ഒഴികെ എല്ലാം പൂർത്തിയായതാണ് അറിയിച്ചത്. മറ്റു കേസുകളിൽ വിചാരണ പൂർത്തിയാവുകയും അപ്പീലുകൾ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ എത്തുകയും ചെയ്‌തെന്നും റോത്ഗി വാദിച്ചു. ഇത് അംഗീകരിച്ച കോടതി ഈ ഹർജികളെല്ലാം അസാധുവായതായി വിധി പുറപ്പെടുവിച്ചു. ഈ ഹർജികളെല്ലാം സുപ്രീംകോടതി ഇനിയും വെച്ചിരിക്കേണ്ട ആവശ്യമില്ല. ഇതൊക്കെ നിയമസാധുതയില്ലാത്തതായി പരിഗണിച്ച് കേസ് ഫയലുകൾ അവസാനിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ച് പ്രതികരിച്ചു.
fhcj