കൊവിഡ് ബാധിച്ച മധ്യവയസ്‌കന്‍ മൂന്ന് വയസുകാരിയായ മകളെ കൊന്ന് ജീവനൊടുക്കി


 

കൊവിഡ് ബാധിച്ച മധ്യവയസ്‌കന്‍ മൂന്ന് വയസുകാരിയായ മകളെ കൊന്ന് ജീവനൊടുക്കി. ഒഡീഷയിലെ സമ്പല്‍പുര്‍ ജില്ലയിലെ ജോട്ടുകബല്‍ ഗ്രാമത്തിലാണ് സംഭവം. സുകു കുജൂര്‍ എന്ന 56കാരനാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ ഭാര്യക്കും മൂന്ന് പെണ്‍മക്കള്‍ക്കും പരുക്കേറ്റു. മകനെ ഇയാള്‍ ആക്രമിക്കാതെ വെറുതെവിട്ടു.
ജൂണ്‍ അഞ്ചിനാണ് സുകുവിന് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഭാര്യയുമായും അഞ്ച് മക്കളുമായും സമ്പര്‍ക്കമുണ്ടാകാതെ വീട്ടിലെ ഒരു മുറിയില്‍ കഴിയുകയായിരുന്നു. സംഭവ ദിവസം രാത്രി ഇയാള്‍ക്കുള്ള ഭക്ഷണം ഭാര്യ മുറിയുടെ വാതിലിന് മുന്നില്‍ കൊണ്ടുവച്ചിരുന്നു. ഇത് കഴിച്ച ശേഷം അര്‍ധരാത്രിയോടെ ഇയാള്‍ മുറിക്ക് പുറത്തിറങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും പെണ്‍മക്കളെയും ആക്രമിക്കുകയായിരുന്നു. അതിനിടെ ഭാര്യ ഒരു കുട്ടിയേയും എടുത്ത് ഓടി പുറത്തിറങ്ങുകയും വിവരം ഗ്രാമീണരെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തികൊണ്ട് കഴുത്ത് മുറിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു സുകു കുജൂര്‍. ഭര്‍ത്താവ് ഇതിന് മുമ്പ് തന്നെ ആക്രമിക്കുകയോ മര്‍ദിക്കുകയോ ചെയ്തിട്ടില്ലെന്നും മദ്യപാന സ്വഭാവം ഇല്ലായിരുന്നെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

You might also like

Most Viewed