കണ്ണൂരിൽ ഒരു വയസുള്ള പെണ്‍കുഞ്ഞിന് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം

കണ്ണൂർ: പിഞ്ചുകുഞ്ഞിനുനേരെ രണ്ടാനച്ഛന്‍റെ ക്രൂര മർദനം.കണ്ണൂർ കണിച്ചാറിൽ ഒരു വയസുള്ള പെണ്‍കുട്ടിക്ക് നേരെയായിരുന്നു രണ്ടാനച്ഛനായ രതീഷിന്‍റെ അതിക്രമം. രതീഷിന്‍റെ മർദനത്തിൽ കുഞ്ഞിന്‍റെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ഇയാൾ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് തൊട്ടടുത്ത ദിവസങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ സംഭവത്തിൽ കേളകം പോലീസ് അന്വേഷണം തുടങ്ങി. ഒരു മാസം മുൻപാണ് രതീഷ് കുഞ്ഞിന്‍റെ അമ്മയെ വിവാഹം കഴിച്ചത്. കുട്ടിയെ തനിക്ക് വേണ്ട എന്ന് പറഞ്ഞായിരുന്നു മർദ്ദനം. വിഷയത്തിൽ ചൈൽഡ് ലൈനും ഇടപെട്ടിട്ടുണ്ട്.