മാസ്ക് ധരിക്കാത്തവരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം

ഷിംല: രാജ്യത്ത് 60 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിനു പിന്നാലെ മാസ്ക് ധരിക്കാത്തവർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഹിമാചൽപ്രദേശിലാണ് നടപടികൾ കൂടുതൽ കർശനമാക്കിയത്. മാസ്ക് ധരിക്കാത്തവരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും എട്ടു ദിവസം വരെ ജയിലലടക്കുമെന്നും ഹിമാചലിലെ ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.
തടവോ 5,000 രൂപ പിഴയോ ആയിരിക്കും ശിക്ഷയെന്നാണ് അധികൃതർ അറിയിച്ചത്. ജസ്റ്റീസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് മാസ്ക് വിഷയത്തിൽ സംസ്ഥാനങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്. 60 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല എന്നു മാത്രമല്ല 30 ശതമാനം പേർ മാസ്ക് ശരിയായി ധരിക്കാതെ, തൂക്കിയിടുന്ന പ്രവണതയും കാണുന്നുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.