കര്‍ഷകറാലി: അതിർത്തികൾ അടച്ച് ഡൽഹി; മെട്രോ സര്‍വീസുകള്‍ക്ക് നിയന്ത്രണം


ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനിരിക്കെ അതിർത്തി അടച്ച് ഡൽഹി. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.  മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങി ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തികളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എട്ട് കമ്പനി അർധസൈനികരുടെ സേനയും അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി മെട്രോ സര്‍വീസുകള്‍ കുറച്ചു. എല്ലാ കര്‍ഷക സംഘടനകളില്‍ നിന്ന് ലഭിച്ച അപേക്ഷകളും നിരസിച്ചുവെന്നും കോവിഡ് പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായി എല്ലാവരും ഡല്‍ഹി പൊലീസുമായി സഹകരിക്കണമെന്നും പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരം പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാന അടച്ചിട്ടിരിക്കുകയാണ്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം നിരോധിച്ചുകൊണ്ടുളള ഉത്തരവ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തി. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു. മാര്‍ച്ചിനായി പുറപ്പെട്ട കര്‍ഷകര്‍ പച്ചക്കറിയും റേഷനും പുതപ്പും ഉള്‍പ്പടെയുള്ളവ കരുതിയിട്ടുണ്ട്. കാര്യങ്ങള്‍ തീരുമാകുന്നത് വരെ മടങ്ങിപ്പോക്കില്ലെന്ന് ബികെയു ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് പറഞ്ഞു.മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് നേതൃത്വം നല്‍കുന്നത് ആക്ടിവിസ്റ്റായ മേധാപട്കറാണ്. ആഗ്രയ്ക്ക് സമീപം വെച്ച് ഉത്തര്‍പ്രദേശ് അധികൃതര്‍ ഇവരെ തടഞ്ഞു. മേധാ പട്കറെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ മൂന്നിന് രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് കേന്ദ്രം കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. അഞ്ഞൂറോളം കര്‍ഷക സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധം നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed