മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്


ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച സംഭവത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെ രാജ്യസഭാംഗം ജി.വി.എല്‍ നരസിംഹ റാവുവാണ് നോട്ടീസ് നല്‍കിയത്. കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് ആരോപിച്ചാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് നോട്ടീസ് നല്‍കിയത്.

വെള്ളിയാഴ്ച ചേരുന്ന അവകാശ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ബി.ജെ.പി എം.പിയുടെ ആവശ്യം. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ഇത് പാര്‍ലമെന്റിന്റെ അവകാശം ഹനിക്കുമെന്നും നോട്ടീസില്‍ പറയുന്നു. രാജ്യസഭാ അവകാശ സമിതിയിലെ അംഗം കൂടിയാണ് നരസിംഹ റാവു. 

ചൊവ്വാഴ്ചയാണ് കേരളാ നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്. കേരള നിയമസഭയിലെ ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ചാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയമാണ് കേരള നിയമസഭ പാസാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed