കഠുവ കേസ്: സാഞ്ജി റാം അടക്കം മൂന്നു പ്രതികൾക്ക് ജീവപര്യന്തം

ന്യൂഡൽഹി: കത്വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. കേസിലെ മറ്റു മൂന്നു പ്രതികൾക്ക് അഞ്ച് വർഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. ഗ്രാമത്തലവനും മുൻ റവന്യു ഉദ്യോഗസ്ഥനുമായ സാഞ്ജി റാം, പർവേഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥൻ ദീപക് ഖജുരിയ, എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. പത്താൻകോട്ട് പ്രത്യേക വിചാരണ കോടതിയുടേതാണ് വിധി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. എസ്ഐ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷ്യൽ പോലീസ് ഓഫീസർ സുരേന്ദർ വർമ്മ എന്നിവർക്കാണ് അഞ്ച് വർഷം തടവുശിക്ഷ നൽകിയത്. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഇവർക്ക് ശിക്ഷ നൽകിയത്. പത്താൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് വിധി പ്രഖ്യാപിച്ചത്.