മക്ക മസ്ജിദ് കേസ്: വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു

ഹൈദരാബാദ് : മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധി പറഞ്ഞ എൻ.ഐ.എ കോടതി ജഡ്ജി രാജിവെച്ചു. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു വിധി പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ ജസ്റ്റീസ് രവീന്ദർ റെഡ്ഡി രാജി സമർപ്പിച്ചതായാണ് റിപ്പോർട്ട്.
വിധി പറഞ്ഞതിന് പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നൽകുകയും പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജി സമർപ്പിക്കുകയുമായിരുന്നു. മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് ഹൈദരാബാദ് എൻ.ഐ.എ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും പ്രതികൾക്കെതിരെ എൻ.ഐ.എ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
2007 മെയ് 18 നാണ് കേസിനാസ്പദമായ സ്‌ഫോടനംനടന്നത്. മക്കാ മസ്ജിദിൽവെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടത്തിയത്. ഒന്പത് പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഭിനവ് ഭാരത് എന്ന ഹിന്ദുത്വ വർഗ്ഗീയ സംഘടനയിലെ അംഗങ്ങളാണ് പ്രതികളായ പത്ത് പേരും. സ്വാമി അസീമാനന്ദ് എന്ന നിബകമാർ സിർക്കാർ, ആർ.എസ്.എസ് നേതാവ് ദേവേന്ദർ ഗുപ്ത, മധ്യപ്രദേശിലുള്ള പ്രോപ്പർട്ടി ഡീലർ ലോകേശ് ശർമ്മ എന്ന അജയ് തിവാരി, ലക്ഷ്മൺ ദാസ് മഹാരാജ്, മോഹൻലാൽ രതേശ്വർ, രാജേന്ദർ ചൗധരി തുടങ്ങിയവരടക്കമുള്ള 10 പേരാണ് കേസിൽ കുറ്റം ചാർത്തപ്പെട്ടിരുന്നത്. രാമചന്ദ്ര കൽസാംഗ്ര, സന്ദീപ് ദാംഗെ എന്നീ രണ്ട് പ്രതികൾ ഒളിവിലാണ്. അന്വേഷണം നടക്കുന്ന കാലയളവിൽ പ്രധാന പ്രതികളിലൊരാളും ആർ.എസ്.എസ് പ്രവർത്തകനുമായ സുനിൽ ജോഷി വെടിയേറ്റ് മരിച്ചിരുന്നു.
സംഭവത്തിൽ ആദ്യം ലോക്കൽ പോലീസും പിന്നീട് സി.ബി.ഐയും അന്വേഷിച്ച കേസ് 2011ൽ എൻ.ഐ.എ ഏറ്റെടുത്തു. കേസന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ ആർ.എസ്.എസ് മുൻ പ്രചാരകനായിരുന്ന സ്വാമി അസീമാന്ദ ഉൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവരെയാണ് കോടതി ഇപ്പോൾ വെറുതെവിട്ടിരിക്കുന്നത്. ഇവർക്കെതിരെ എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് കോടതി പറയുന്നത്.
ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ ചില മുസ്്ലിം സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐയാണ് സ്‌ഫോടനത്തിന് പിന്നിൽ ഹൈന്ദവ സംഘടനകളാണെന്ന് കണ്ടെത്തിയത്. പിന്നീട് കേസ് എൻ.ഐ.എയ്ക്ക് മാറി. ഇവർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.