ഈ ഫ്ലാറ്റിൽ മനുഷ്യര്‍ക്കൊപ്പം താമസക്കാര്‍ വിഷപ്പാമ്ബുകള്‍

പൂനെ: നഗരമധ്യത്തിലെ ഫ്ലാറ്റിൽനിന്ന് കൊടും വിഷമുള്ള 70 ഓളം പാമ്പുകളെ പിടികൂടി. അണലിയും മൂർഖനും പെരുമ്പാമ്പുകളും ഇക്കൂട്ടത്തിലുണ്ട്. പാമ്പിൻവിഷം വിൽക്കുന്നതിനുവേണ്ടിയാണ് ഇവയെ ഫ്ലാറ്റിൽ സൂക്ഷിച്ചതെന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രഞ്ജിത്ത് ഖാർഗെയും(37) കൂട്ടാളി ധനഞ്ജയ് ബെൽക്കൂത്തും(30) ആണു പിടിയിലായത്. രഞ്ജിത്ത് തന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നാളുകളായി ഈ ഫ്ലാറ്റിൽ താമസിക്കുകയാണ്. തടികൊണ്ടുണ്ടാക്കിയ പെട്ടിയിലാണു പാമ്പുകളെ സൂക്ഷിച്ചിരുന്നത്.
41 അണലി, 31 മൂർഖൻ എന്നിവയാണ് പൊലീസ് കണ്ടെത്തിയത്. വിഷമെടുക്കുന്നതിനായാണ് ഇവയെ വളർത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
വിഷം സൂക്ഷിച്ചിരുന്ന ചില കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിപണിയിൽ വൻ വിലയാണ് പാമ്പിൻ വിഷത്തിന്. പാമ്പുകളെയും പാമ്പിൻ വിഷവും ഫോറസ്റ്റ് അധികൃതർക്കു കൈമാറി.