കബഡി ലോകകപ്പില്‍ പാകിസ്ഥാന് വിലക്ക്

ഡൽഹി: ഇന്ത്യയില്‍ നടക്കുന്ന കബഡി ലോകകപ്പില്‍ പാകിസ്ഥാന് വിലക്ക്. 12 രാഷ്ട്രങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് അഹമ്മദാബാദില്‍ അടുത്തയാഴ്ച മുതലാണ് ആരംഭിക്കുന്നത്.
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ് പാകിസ്ഥാന് ടൂര്‍ണമെന്റില്‍ അനുമതി നിഷേധിച്ചതെന്ന് ഇന്റര്‍നാഷണല്‍ കബഡി ഫെഡറേഷന്‍ (ഐ.കെ.എഫ്) തലവന്‍ ദിയോരാജ് ചതുര്‍വേദി പറഞ്ഞു. പാകിസ്ഥാന്‍ കബഡി ഫെഡറേഷന്റെ ഒഴിച്ചുകൂടാനാകാത്ത പ്രതിനിധിയാണെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പാകിസ്ഥാന് പ്രവേശനം അനുവദിക്കാനാകില്ലെന്നും ചതുര്‍വേദി പറഞ്ഞു.
അതേ സമയം മത്സരത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തി. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇരു രാഷ്ട്രങ്ങളെയും ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കണമായിരുന്നെന്ന് പാകിസ്ഥാന്‍ കബഡി ഫെഡറേഷന്‍ സെക്രട്ടറി റാണ മുഹമ്മദ് സര്‍വര്‍ പറഞ്ഞു.
പാകിസ്ഥാനില്ലാതെ കബഡി ലോകകപ്പില്ലെന്നും ബ്രസീലില്ലാതെ ഫുട്‌ബോള്‍ ലോകകപ്പ് നടത്തുന്നത് പോലെയാണിതെന്നും സര്‍വാര്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം ചൂടുമായിരുന്നെന്ന് പാക് ക്യാപ്റ്റന്‍ നാസിര്‍ അലി പറഞ്ഞു.
വെള്ളിയാഴ്ച ആരംഭിക്കുന്ന ആദ്യ റൗണ്ട് മത്സരത്തില്‍ ഇറാന്‍ അമേരിക്കയെ നേരിടും.